Kerala News
വീഴ്ച പറ്റി, പൂരം കലക്കിയതും തിരിച്ചടിയായി; തൃശൂരിലെ തോല്‍വിയില്‍ കെ.പി.സി.സി അന്വേഷണ സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 20, 11:54 am
Friday, 20th September 2024, 5:24 pm

തിരുവനന്തപുരം: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീഴ്ച പറ്റിയതായി കെ.പി.സി.സി. തൃശൂരിലും ചേലക്കരയിലും സംഘടനാ വീഴ്ചയുണ്ടായെന്നും കെ.പി.സി.സി പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലുണ്ടായ യു.ഡി.എഫ് തോല്‍വി പരിശോധിക്കുന്നതിനായി കെ.പി.സി.സി അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ഇപ്പോള്‍ അന്വേഷണ സമിതി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് തെരഞ്ഞെടുപ്പില്‍ വീഴ്ച പറ്റിയതായി പറയുന്നത്.

കെ.സി. ജോസഫ്, ടി. സിദ്ദിഖ് എന്നിവരുള്‍പ്പെട്ട സമിതിയുടേതാണ് റിപ്പോര്‍ട്ട്. ഓണത്തിന് മുന്നോടിയായി അന്വേഷണ സമിതി റിപ്പോര്‍ട്ട് നേതൃത്വത്തിന് കൈമാറിയിരുന്നു.

വോട്ട് ചേര്‍ക്കുന്നതിലും സംഘടനയ്ക്ക് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം, പെട്ടെന്നുണ്ടായ സ്ഥാനാര്‍ത്ഥി മാറ്റം തുടങ്ങിയ ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയെന്നും അന്വേഷണ സമിതി ചൂണ്ടിക്കാട്ടി. എന്നാല്‍ ആര്‍ക്കെതിരെയും നടപടി ശുപാര്‍ശ ചെയ്യാതെയുള്ള റിപ്പോര്‍ട്ടാണ് അന്വേഷണ സമിതി കെ.പി.സി.സിക്ക് കൈമാറിയിട്ടുള്ളത്.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നലെ തൃശൂര്‍ ഡി.സി.സി നേതൃത്വത്തിനെതിരെ അടക്കം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഡി.സി.സി ഓഫീസില്‍ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയേറ്റവും നടന്നിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങളൊന്നും പരാമര്‍ശിച്ചിട്ടില്ല എന്നാണ് വ്യക്തമാകുന്നത്.

ഇതിനുപുറമെ തൃശൂര്‍ പൂരം കലക്കിയത് ബി.ജെ.പി നേതാവ് സുരേഷ് ഗോപിക്ക് വേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം കലക്കിയതും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പൂരം കലക്കിയത് സംസ്ഥാന പൊലീസിന്റെ ഒത്താശയോട് കൂടിയാണ്. സി.പി.ഐ.എം-ബി.ജെ.പി ധാരണയുടെ അടിസ്ഥാനത്തിലാണ് പൂരം കലക്കിയത്. പിന്നാലെ പൂരനഗരിയിലെത്തിയ സുരേഷ് ഗോപി പൊലീസിന് നിര്‍ദേശം നല്‍കുന്നു.

തുടര്‍ന്ന് പ്രശ്നത്തില്‍ പരിഹാരവും കാണുന്നു. ഇതോടെ സുരേഷ് ഗോപി പൂരത്തിന് നേതൃത്വം നല്‍കിയെന്ന വ്യാജബോധ്യം ജനങ്ങളില്‍ ഉണ്ടായെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Content Highlight: KPCC inquiry committee report in Thrissur defeat