കെ.പി. ശശികല വീണ്ടും സന്നിധാനത്തേക്ക്; പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ തിരിച്ചിറങ്ങുമെന്ന് പൊലീസിന് ഉറപ്പ് നല്‍കി
Sabarimala Temple
കെ.പി. ശശികല വീണ്ടും സന്നിധാനത്തേക്ക്; പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ തിരിച്ചിറങ്ങുമെന്ന് പൊലീസിന് ഉറപ്പ് നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th November 2018, 7:48 am

പമ്പ: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പുറപ്പെട്ടു. പുലര്‍ച്ചെ എരുമേലിയില്‍ നിന്ന് പമ്പയിലേക്ക് ശശികല പുറപ്പെട്ട ശശികല കെ.എസ്.ആര്‍.ടി.സി. ബസിലാണ് യാത്ര തിരിച്ചത്. ഇന്നലെ അര്‍ധരാത്രിയുണ്ടായ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ നിലയ്ക്കലില്‍ വച്ച് പൊലീസ് മേധാവി യതീഷ് ചന്ദ്ര ശശികലയ്ക്ക് നിര്‍ദേശങ്ങള്‍ കൈമാറി. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ തിരിച്ചിറങ്ങുമെന്ന് ശശികല പൊലീസിന് ഉറപ്പ് നല്‍കി.

പേരക്കുട്ടിയുടെ ചോറൂണിനാണ് ശബരിമലയില്‍ ഇപ്പോള്‍ പോകുന്നതെന്നും രാഷ്ട്രീയ വിഷയങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നില്ലെന്നും ശശികല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശശികലയെ തടയില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നെങ്കിലും ഇന്നലെ അര്‍ധരാത്രിയുണ്ടായ സംഘര്‍ഷങ്ങളുടെ സാഹചര്യത്തിലാണ് നിലയ്ക്കലില്‍ വച്ച് പൊലീസ് മേധാവി യതീഷ് ചന്ദ്ര ശശികലയ്ക്ക് നിര്‍ദേശങ്ങള്‍ കൈമാറിയത്.


നിരോധനാഞ്ജ ലംഘിച്ച് സന്നിധാനത്തെ പ്രതിഷേധം; പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു


വെള്ളിയാഴ്ച രാത്രിയോടെയാണ് കെ.പി.ശശികല ഇരുമുടിക്കെട്ടുമായി മല കയറാനെത്തിയത്. എന്നാല്‍ രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ തീര്‍ഥാടകരെ പൊലീസ് നിയന്ത്രിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. രാത്രി സന്നിധാനത്ത് ആരെയും തങ്ങാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പൊലീസ്. എന്നാല്‍ രാത്രി സന്നിധാനത്ത് തങ്ങുമെന്ന് വ്യക്തമാക്കി ശശികല മരക്കൂട്ടത്ത് പ്രതിഷേധിക്കുകയായിരുന്നു.

ഇതോടെയാണ് പൊലീസ് കെ.പി.ശശികലയെ കരുതല്‍ കസ്റ്റഡിയിലെടുത്തത്. പിന്നീട് ശശികലയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശശികലയെ അറസ്റ്റ് ചെയ്തതിനെതിരെ ഹിന്ദു ഐക്യവേദി വെള്ളിയാഴ്ച്ച അര്‍ധരാത്രി മുതല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ശനിയാഴ്ച ഉച്ചയോടെ ശശികലയെ കോടതിയില്‍ ഹാജരാക്കി. ശശികലയ്‌ക്കെതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളടക്കമുള്ള റിപ്പോര്‍ട്ടും പൊലീസ് കോടതിയില്‍ നല്‍കി. ഇതേത്തുടര്‍ന്ന് മല കയറി ദര്‍ശനം നടത്തി മടങ്ങാമെന്ന ഉറപ്പില്‍ കെ.പി.ശശികലയെ തിരുവല്ല മജിസ്‌ട്രേറ്റ് ജാമ്യത്തില്‍ വിടുകയായിരുന്നു.