കൊച്ചിക്കാര്‍ എന്താ കോട്ടയം സ്ലാങ് പറഞ്ഞാല്‍, 'എന്നാ' ഇച്ചിരി കുറച്ചാല്‍ എല്ലാം ഓക്കെ
Entertainment news
കൊച്ചിക്കാര്‍ എന്താ കോട്ടയം സ്ലാങ് പറഞ്ഞാല്‍, 'എന്നാ' ഇച്ചിരി കുറച്ചാല്‍ എല്ലാം ഓക്കെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 22nd April 2023, 11:29 am

മലയാള സിനിമയില്‍ അത്രയധികം ഉപയോഗിക്കപ്പെടാത്ത പ്രാദേശിക ഭാഷാ ശൈലിയാണ് കോട്ടയത്തിന്റേത്. കോട്ടയം ശൈലിയില്‍ വലിയ സങ്കീര്‍ണതകളൊന്നുമില്ലെങ്കിലും അത് പറയുക അത്ര എളുപ്പമല്ല. നിരന്തരം കൊച്ചി ശൈലി ഉപയോഗിക്കുന്നവര്‍ക്ക് അതത്ര ലളിതമായി പറഞ്ഞ് തീര്‍ക്കാനും സാധിക്കില്ല.

ഇര്‍ഷാദ് പരാരിയുടെ സംവിധാനത്തില്‍ ഏപ്രില്‍ 21ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് അയല്‍വാശി. ഈരാറ്റുപേട്ട, പൂഞ്ഞാര്‍, മുന്നിലാവ് എന്നിവിടങ്ങളിലായി നടക്കുന്ന സിനിമയില്‍ കോട്ടയം പ്രാദേശിക ഭാഷക്ക് വളരെയധികം പ്രാധാന്യമുണ്ട്. സൗബിന്‍, ബിനു പപ്പു, നസ്‌ലിന്‍, ഗോകുലന്‍, നിഖില വിമല്‍, ലിജോമോള്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കോട്ടയം സ്ലാങ്ങിനെ കുറിച്ച് പറയുമ്പോള്‍ എടുത്ത് പറയേണ്ടത് സൗബിന്‍, നസ്‌ലിന്‍ എന്നിവരെ കുറിച്ചാണ്. എല്ലായ്‌പ്പോഴും കൊച്ചി സ്ലാങ്ങില്‍ സംസാരിക്കുന്ന താരങ്ങളാണ് ഇരുവരും. ഇവര്‍ എങ്ങനെ കോട്ടയം ഭാഷയെ കൈകാര്യം ചെയ്യുമെന്നത് കൗതുകത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്.

സി.ഐ.എ പോലെയുള്ള സിനിമകളില്‍ പാലാക്കാരനായി സൗബിന്‍ വേഷമിട്ടിട്ടുണ്ടെങ്കിലും മുഴുനീള കഥാപാത്രമായി വരുമ്പോള്‍ എങ്ങനെയുണ്ടാകുമെന്ന ചിന്ത എല്ലാ സിനിമാ പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം സംശയങ്ങളെ എല്ലാം മാറ്റി നിര്‍ത്തി തങ്ങള്‍ക്ക് ലഭിച്ച കഥാപാത്രത്തെ മികച്ചതാക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. കോട്ടയം സ്ലാങ്ങിനെ ഒരു പരിധിവരെ മികച്ചതാക്കാന്‍ സൗബിനും നസ്‌ലിനും കഴിഞ്ഞു.

കോട്ടയത്തെ ‘എന്നാ’ പ്രയോഗത്തെ സ്ട്രസ് ചെയ്ത് പറയുന്നതൊഴിച്ചാല്‍ വലിയ പാളിച്ചകളൊന്നും സംഭവിച്ചിട്ടില്ലായെന്ന് പറയാന്‍ സാധിക്കും. എങ്കിലും ചില സന്ദര്‍ഭങ്ങളിലൊക്കെ സൗബിനും ബിനു പപ്പുവും ഡയലോഗ് പറയാന്‍ കുറച്ചൊക്കെ ബുദ്ധിമുട്ടുന്നത് പോലെ തോന്നും.

content highlight: kottayam slang in ayalvashi movie