താൻ മോഹൻലാലിന് പെയിന്റിങ്‌സ് വരച്ചു നൽകാനുള്ള കാരണങ്ങളെക്കുറിച്ച് പറയുകയാണ് നടൻ കോട്ടയം നസീർ. മോഹൻലാലിന്റെ വീട്ടിൽ തന്നെ കൊണ്ടുപോയി അവിടെയുള്ള പ്രശസ്തരുടെ പെയിന്റിങ്‌സ് കാണിച്ചു തന്നെന്നും അതിൽ നിന്നുംവ്യത്യസ്തമായ ഒരു പെയിന്റിങ് തന്നോട് വരയ്ക്കാൻ ആവശ്യപ്പെട്ടെന്നും നസീർ പറഞ്ഞു.
മോഹൻലാലിന് ഇഷ്ടപെട്ട നായകുട്ടിയുടെ മുഖത്ത് വരുന്ന ഒമ്പത് നവരസങ്ങളാണ് വരച്ചു കൊടുത്തതെന്നും താരം പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കോട്ടയം നസീർ.
‘ഞാൻ വരക്കുന്നത് മുതൽ തന്നെ ലാലേട്ടൻ എന്നോട് ഒരു പെയിന്റിങ് ചോദിക്കുന്നുണ്ട്. ലാലേട്ടന്റെ വീട്ടിൽ കൊണ്ടുപോയിട്ട് അദ്ദേഹത്തിന്റെ കളക്ഷൻ ഒക്കെ എന്നെ കാണിച്ചിരുന്നു. അത് കണ്ടപ്പോൾ എനിക്ക് ടെൻഷൻ ആയി. കാരണം എനിക്ക് പോലും ചിന്തിക്കാൻ പറ്റാത്ത പ്രഗത്ഭരായ ചിത്രകാരന്മാരുടെ പെയിന്റിങ്‌സ് ഒക്കെയാണ് അവിടെയുള്ളത്. അതെല്ലാം കാണിച്ചിട്ട് എന്നോട് പറഞ്ഞു ഇതിൽനിന്ന് വ്യത്യസ്തമായ ഒരെണ്ണം നീ എനിക്ക് ചെയ്തു തരണമെന്ന്.
അങ്ങനെ ആലോചിച്ചപ്പോഴാണ് ലാലേട്ടന് നായക്കുട്ടിയെ നല്ല ഇഷ്ടമാണ്. ഒരുപാട് ഭാവങ്ങളൊക്കെ മുഖത്ത് കൊണ്ടുവരുന്ന ലാലേട്ടൻ തന്നെ ഒരു വിസ്മയം ആണല്ലോ, അപ്പോൾ അദ്ദേഹത്തിന് കൊടുക്കാൻ പറ്റുന്ന ഏറ്റവും ഇഷ്ടപ്പെട്ട നായക്കുട്ടിയുടെ മുഖത്ത് വരുന്ന നവരസങ്ങൾ വരക്കാം എന്ന് വിചാരിച്ചിട്ടാണ് അത് ചെയ്തത്. നമ്മൾ കുറെ റഫറൻസ് ഫോട്ടോസ് ഒക്കെ നോക്കിയതിന് ശേഷം എന്റേതായ രീതിയിൽ വരച്ചതാണ് അത്,’ കോട്ടയം നസീർ പറഞ്ഞു.
മോഹൻലാലിൻറെ കൂടെ ചെറുപ്പത്തിൽ സ്റ്റേജിൽ കയറി കൂടെ നിന്നതും ഇന്ന് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നതിൽ സന്തോഷമുണ്ടെന്നും നസീർ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
‘ആട്ടക്കലാശം സിനിമ അന്ന് 50 ദിവസം ഓടിയപ്പോൾ ലാലേട്ടനും സുകുമാരിയമ്മയും ഒക്കെ വന്നിരുന്നു. കൊല്ലം കുറെ ആയി കേട്ടോ. അന്നെനിക്ക് പത്തുപന്ത്രണ്ടു വയസ്സൊക്കെ ഉണ്ടാവുകയുള്ളു. അന്ന് സ്റ്റേജിലെ ലാലേട്ടൻ ഇരിക്കുമ്പോൾ ഞാൻ അടുത്ത് പോയി നിന്നിട്ടുണ്ട് . അത് കഴിഞ്ഞ് ഞാൻ ലാലേട്ടനെ പരിചയപെട്ടു, അദ്ദേഹത്തിന്റെ കൂടെ സിനിമകൾ ചെയ്തു.
ഇന്ന് ഞാൻ കൊടുത്ത ഒമ്പത് പെയിന്റിങ്‌സും അദ്ദേഹത്തിന്റെ വീടിന്റെ മുന്നിലെ ചുമരിൽ നിരത്തി വെച്ച ഫോട്ടോ എനിക്ക് അയച്ചു തന്നിട്ടുണ്ട്.
നമ്മളൊരാൾക്ക് പ്രസന്റ് ചെയ്യുന്നതിലല്ല മറിച്ച് അത് എവിടെ അദ്ദേഹം വെച്ചിരിക്കുന്നു എന്നതിലാണ് കാര്യം. അപ്പോഴാണ് നമ്മൾ അംഗീകരിക്കപ്പെടുന്നത്. അതല്ലാതെ വേറെ എവിടെയെങ്കിലും മൂലക്ക് കൊണ്ട് ഇട്ടാൽ നമുക്ക് വലിയ വിഷമവമാവും.
അദ്ദേഹത്തിൻറെ വീട്ടിൽ പോയ പല ആളുകളും എന്നോട് പറഞ്ഞിട്ടുണ്ട് ‘ലാലേട്ടന്റെ വീട്ടിൽ വെച്ച നിന്റെ പെയിന്റിങ്‌സ് ഞങ്ങൾ കണ്ടിരുന്നു’ എന്ന്. അങ്ങനെയൊക്കെ കേൾക്കുമ്പോൾ നമുക്ക് ഭയങ്കര അഭിമാനമാണല്ലോ. എത്രയോ വലിയ ചിത്രകാരന്മാരുടെ ഇടയിലാണ് എന്റേത് ഇരിക്കുന്നു എന്നതിലാണ്. എനിക്ക് ലാലേട്ടനെ ഇഷ്ടവും ബഹുമാനവുമാണ് അദ്ദേഹത്തിന് വലിയൊരു മനസാണ്,’ കോട്ടയം നസീർ പറഞ്ഞു.
മമ്മൂട്ടിക്ക് വരച്ചു കൊടുത്തിട്ടില്ലേ എന്ന ചോദ്യത്തിന് അദ്ദേഹത്തിന് വരച്ചു കൊടുക്കുമ്പോൾ സ്‌പെഷ്യൽ ആയിരിക്കണമെന്നും സമയത്തിന്റെ പരിമിതി മൂലമാണ് വരച്ചു കൊടുക്കാൻ കഴിയാത്തതെന്നും അത് എന്തായാലും പ്രെസെന്റ് ചെയ്യുമെന്നും നസീർ പറഞ്ഞു.
‘മമ്മൂക്കയ്ക്ക് നമ്മൾ മനസ്സ് തന്നെ കൊടുത്തിട്ടുണ്ടല്ലോ. മമ്മൂക്കയോട് ഞാൻ പെയിന്റിങ്‌സിന്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ വലിയ പെയിന്റിങ് ഒന്നും വേണ്ട ചെറുത് മതി എന്ന് പറഞ്ഞിട്ടുണ്ട്. കാരണം ഒന്നാമത്തെത് മമ്മൂക്കയുടെ മകൾ നന്നായിട്ട് വരക്കും, പിന്നെ മമ്മൂക്കക്ക് കൊടുക്കുമ്പോൾ ഒരു സ്പെഷ്യൽ പെയിന്റിങ് തന്നെ കൊടുക്കണം. അതൊരു മെമ്മറബിൾ ആയിരിക്കണം. എനിക്ക് സമയത്തിന്റെ പ്രശ്നം ഉള്ളതുകൊണ്ടാണ്. അത് ഞാൻ എന്തായാലും മമ്മൂക്കയ്ക്ക് പ്രെസെന്റ് ചെയ്യും,’ നസീർ പറഞ്ഞു
Content Highlight: Kottayam Nazeer about the paintings he given to mohanlal