കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും കുഞ്ഞിനെ മോഷ്ടിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമാണെന്ന് കോട്ടയം ഡി.എം.ഒ രഞ്ജന്‍. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംഭവത്തില്‍ കൃത്യമായി ഇടപെട്ട് കുട്ടിയെ കണ്ടെത്തിയ ഗാന്ധി നഗര്‍ പോലീസിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആശുപത്രിയില്‍ ഇത്രയധികം ആളുകള്‍ക്കിടയില്‍ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും, അടുത്തുള്ള ഹോട്ടലില്‍ നിന്നും കണ്ടെത്തിയ കുട്ടിയെ നിരീക്ഷണത്തിനായി ഐ.സി.യുവിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. അമ്മയും കുട്ടിയും സന്തോഷത്തോടെ ഇരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ടായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിനെ മോഷ്ടിക്കാന്‍ ശ്രമം നടന്നത്. നേഴ്‌സിന്റെ വേഷത്തിലെത്തിയ സ്ത്രീ ചികിത്സിക്കാനെന്ന വ്യാജേന കുഞ്ഞിനെ വാങ്ങി കടന്നു കളയുകയായിരുന്നു.
കുഞ്ഞിന് മഞ്ഞപ്പുണ്ടെന്നും ചികിത്സിക്കണമെന്നും പറഞ്ഞാണ് ഗൈനക്കോളജി വിഭാഗത്തിലെത്തിയ സ്ത്രീ കുഞ്ഞിനെ കൊണ്ടുപോയത്. കുഞ്ഞിനെ കൊണ്ടുപോയി അരമണിക്കൂര്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെയെത്തിക്കാത്തതോടെ അമ്മ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അടുത്തുള്ള ഹോട്ടലില് നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ അമ്മക്ക് കൈമാറി.
മുണ്ടക്കയം സ്വദേശികളുടെ കുഞ്ഞിനെയാണ് ഇന്ന് വൈകുന്നേരത്തോടെ നേഴ്‌സിന്റെ വേഷത്തിലെത്തിയ സ്ത്രീ തട്ടിക്കൊണ്ടുപോയത്.
ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തുകയും അന്വേഷണം തുടങ്ങുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലിന് മുന്നില്‍നിന്ന് കുട്ടിയെ കണ്ടെത്തിയത്.