കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന് സ്ഥലം മാറ്റം; നടപടി ആരോഗ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശനത്തിന് പിന്നാലെ
അട്ടപ്പാടി: കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പ്രഭുദാസിന് സ്ഥലം മാറ്റം. തിരൂരങ്ങാടിയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ടിനാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്.
ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരായ വിമര്‍ശത്തിന് പിന്നാലെയാണ് സ്ഥലം മാറ്റമുണ്ടായിരിക്കുന്നത്. അട്ടപ്പാടിയില്‍ നാല് ദിവസത്തില്‍ നാല് കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ് മൂലം മരിച്ചിരുന്നു.
സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ മന്ത്രിയുടെ സന്ദര്‍ശന സമയത്ത് തന്നെ അട്ടപ്പാടിയില്‍ നിന്ന് മാറ്റിയെന്നാരോപിച്ച് ഡോ. പ്രഭുദാസ് രംഗത്ത് വന്നിരുന്നു.
ഇല്ലാത്ത മീറ്റിംഗിന്റെ പേരില്‍ തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയായിരുന്നുെവന്നും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാകാം ഇതിന് പിന്നിലെന്നുമാണ് പ്രഭുദാസ് ആരോപിച്ചിരുന്നത്.
പ്രതിപക്ഷ നേതാവിന് മുന്നെ അട്ടപ്പാടിയിലെത്താനുള്ള തിടുക്കമായിരുന്നു ആരോഗ്യമന്ത്രിക്കെന്നും കോട്ടത്തറ ആശുപത്രിയെ സംബന്ധിക്കുന്ന എല്ലാ രേഖകളും കയ്യിലുണ്ടെന്നും പ്രഭുദാസ് പറഞ്ഞിരുന്നു.
ഇതിനിടെ ശിശുമരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച കോട്ടത്തറ ട്രൈബല്‍ വെല്‍ഫെയര്‍ ഉദ്യോഗസ്ഥനായ ചന്ദ്രനെതിരെ കോട്ടത്തറ ആശുപത്രി മാനേജ്‌മെന്റ് പ്രതികാര നടപടി സ്വീകരിച്ചിരുന്നു. ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു ചെയ്തത്.
രോഗികളെ റഫര്‍ ചെയ്യാനുള്ള പദ്ധതിയുടെ പേരില്‍, ആദിവാസി ക്ഷേമ ഫണ്ടില്‍ നിന്ന് പെരിന്തല്‍ണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയ്ക്ക് 12 കോടി രൂപ കൈമാറിയതായി ചന്ദ്രന്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ നാലിലൊന്ന് പണം ഉണ്ടായിരുന്നെങ്കില്‍, കോട്ടത്തറ ആശുപത്രിയില്‍ സി.ടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങാമായിരുന്നു എന്നായിരുന്നു ചന്ദ്രന്‍ പറഞ്ഞത്.
ഗര്‍ഭകാലത്ത് സ്‌കാനിംഗ് ചെയ്യണമെങ്കിലോ വിദഗ്ധ ചികിത്സയ്ക്കോ ആദിവാസികള്‍ പെരിന്തല്‍മണ്ണയിലേക്കോ തൃശൂരിലേക്കോ, കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കോ പോകേണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Kottathara Tribal Hospital Superintendent Dr. Relocation of Prabhudas