വിസ്മയയെ കിരണിന്റെ മാതാപിതാക്കളും മര്‍ദ്ദിച്ചിരുന്നു, മരിക്കുന്നതിന്റെ തലേദിവസം ഭര്‍ത്താവിന്റെ സഹോദരിയും വീട്ടിലെത്തി; വെളിപ്പെടുത്തലുമായി ഷാഹിദാ കമാല്‍
Kollam Vismaya Case
വിസ്മയയെ കിരണിന്റെ മാതാപിതാക്കളും മര്‍ദ്ദിച്ചിരുന്നു, മരിക്കുന്നതിന്റെ തലേദിവസം ഭര്‍ത്താവിന്റെ സഹോദരിയും വീട്ടിലെത്തി; വെളിപ്പെടുത്തലുമായി ഷാഹിദാ കമാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd June 2021, 11:22 am

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടുകാരും മര്‍ദ്ദിച്ചിരുന്നതായി വനിതാ കമ്മീഷനംഗം ഷാഹിദാ കമാല്‍. വിസ്മയയുടെ കൂട്ടുകാരി സഹോദരനോട് പറഞ്ഞതാണ് ഇക്കാര്യമെന്നും ഷാഹിദ കമാല്‍ പറഞ്ഞു.

‘കിരണിന്റെ മാതാപിതാക്കള്‍ ഈ പെണ്‍കുട്ടിയെ നിരന്തരമായി മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ട്. കിരണിന്റെ സഹോദരി മരണം നടക്കുന്നതിന്റെ തലേദിവസം ആ വീട്ടില്‍ എത്തിച്ചേര്‍ന്നു എന്നും അറിയാന്‍ സാധിച്ചിട്ടുണ്ട്,’ ഷാഹിദ കമാല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വിസ്മയ മരിക്കുന്നതിന്റെ തലേദിവസം വഴക്കുണ്ടായിരുന്നെന്ന് ഭര്‍ത്താവ് കിരണ്‍ സമ്മതിച്ചു. എന്നാല്‍ അന്ന് മര്‍ദ്ദിച്ചിട്ടില്ലെന്നും കിരണ്‍ പറഞ്ഞു. സ്ത്രീധനമായി ലഭിച്ച കാറിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നെന്നും കിരണ്‍ മൊഴി നല്‍കിയിട്ടുണ്ട്.

‘ഈ സമയം വീട്ടില്‍ പോകണമെന്ന് വിസ്മയ വാശിപിടിച്ചു. പിറ്റേന്ന് കാലത്ത് പോകാമെന്ന് ഞാന്‍ പറഞ്ഞു,’ കിരണ്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന് ശേഷം ശുചിമുറിയില്‍ കയറി വിസ്മയ തൂങ്ങുകയായിരുന്നുവെന്നാണ് കിരണിന്റെ മൊഴി. വിസ്മയയെ മുന്‍പ് മര്‍ദ്ദിച്ചിട്ടുണ്ടെന്നും കിരണ്‍ സമ്മതിച്ചിട്ടുണ്ട്.

അതേസമയം കിരണിനെതിരെ ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയിട്ടുണ്ട്. കൂടുതല്‍ വകുപ്പുകള്‍ പോസ്റ്റുമോര്‍ട്ടം ഫലം വന്നതിന് ശേഷം ചുമത്തും.

തിങ്കളാഴ്ചയാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ഭര്‍ത്താവും വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തെ സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് വിസ്മയയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നത്.

എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു.

കഴിഞ്ഞദിവസം വിസ്മയ ബന്ധുവിന് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.

ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ത്രീധന പീഡന പരാതി ഉയര്‍ന്നതോടെ വിഷയത്തില്‍ വനിത കമ്മീഷനും ഇടപെട്ടിട്ടുണ്ട്. വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് തേടി. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kollam Vismaya Suicide Shaida Kamala