കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ ഭര്‍ത്താവിന്റെ മൊഴി പുറത്ത്. വിസ്മയ മരിക്കുന്നതിന്റെ തലേദിവസം വഴക്കുണ്ടായിരുന്നെന്ന് ഭര്‍ത്താവ് കിരണ്‍ സമ്മതിച്ചു.
എന്നാല്‍ അന്ന് മര്‍ദ്ദിച്ചിട്ടില്ലെന്നും കിരണ്‍ പറഞ്ഞു. സ്ത്രീധനമായി ലഭിച്ച കാറിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നെന്നും കിരണ്‍ മൊഴി നല്‍കിയിട്ടുണ്ട്.
‘ഈ സമയം വീട്ടില്‍ പോകണമെന്ന് വിസ്മയ വാശിപിടിച്ചു. പിറ്റേന്ന് കാലത്ത് പോകാമെന്ന് ഞാന്‍ പറഞ്ഞു,’ കിരണ്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിന് ശേഷം ശുചിമുറിയില്‍ കയറി വിസ്മയ തൂങ്ങുകയായിരുന്നുവെന്നാണ് കിരണിന്റെ മൊഴി. വിസ്മയയെ മുന്‍പ് മര്‍ദ്ദിച്ചിട്ടുണ്ടെന്നും കിരണ്‍ സമ്മതിച്ചിട്ടുണ്ട്.
നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നത്.
എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം വിസ്മയ ബന്ധുവിന് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.
ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീധന പീഡന പരാതി ഉയര്‍ന്നതോടെ വിഷയത്തില്‍ വനിത കമ്മീഷനും ഇടപെട്ടിട്ടുണ്ട്. വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് തേടി. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.