ബി.ജെ.പി നേതാവിന് കോണ്‍ഗ്രസിലും അംഗത്വം; വിവാദം
Kerala News
ബി.ജെ.പി നേതാവിന് കോണ്‍ഗ്രസിലും അംഗത്വം; വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th April 2020, 10:07 am

കൊല്ലം: ബി.ജെ.പി.യുടെ നിയോജകമണ്ഡലം ഭാരവാഹിക്ക് കോണ്‍ഗ്രസിലും അവരുടെ തൊഴിലാളിസംഘടനയായ ഐ.എന്‍.ടി.യു.സി.യിലും ഭാരവാഹിത്വം. ചാത്തന്നൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായി ഒരുമാസം മുന്‍പ് ബി.ജെ.പി. പ്രഖ്യാപിച്ച സുഗതന്‍ പറമ്പിലിനാണ് രണ്ട് ദേശീയ പാര്‍ട്ടികളിലും അംഗത്വമുള്ളത്.

മാതൃഭൂമി ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സുഗതന്‍ പറമ്പില്‍ അടുത്തിടെ ബി.ജെ.പി. അനുഭാവിയായതോടെ ഭാരവാഹിത്വം നല്‍കുകയായിരുന്നു. തുടര്‍ന്ന് നടന്ന നിയോജകമണ്ഡലം കമ്മിറ്റിയില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നാലുവര്‍ഷം മുന്‍പ് കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി.യില്‍ എത്തിയ ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാറിന്റെ താത്പര്യപ്രകാരമാണ് സുഗതനെ മണ്ഡലം വൈസ് പ്രസിഡന്റായി നാമനിര്‍ദേശം ചെയ്തത്.

എന്നാല്‍, സുഗതന്‍ ഇപ്പോഴും ഐ.എന്‍.ടി.യു.സി. മേഖലാ പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഒരു വിഭാഗം ബി.ജെ.പി. പ്രവര്‍ത്തകരുടെ പരാതി. ബി.ജെ.പി. ഭാരവാഹിയായി പ്രഖ്യാപിക്കപ്പെട്ടശേഷവും സുഗതന്‍ കോണ്‍ഗ്രസിന്റെയും ഐ.എന്‍.ടി.യു.സി.യുടെയും കമ്മിറ്റികളിലും പ്രവര്‍ത്തനത്തിലും സജീവമാണ്.

സംഭവം അന്വേഷിക്കാന്‍ ബി.ജെ.പി.യുടെ പ്രാദേശിക നേതാക്കളെത്തിയപ്പോള്‍ സുഗതന്റെ വീട്ടില്‍ ഐ.എന്‍.ടി.യു.സി.യുടെ കമ്മിറ്റി നടക്കുകയായിരുന്നു. ഇതോടെ സംഭവം വിവാദമായി. ബി.ജെ.പി. നേതാക്കളും സുഗതനും തമ്മില്‍ ചെറിയ തര്‍ക്കവുമുണ്ടായി.

ആദിച്ചനല്ലൂര്‍ ഗ്രീന്‍ലാന്‍ഡ് പേപ്പര്‍ മില്‍ സ്റ്റാഫ് ആന്‍ഡ് എംപ്ലോയീസ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) നേതൃത്വം ഒഴിയാനാവില്ലെന്ന് സുഗതന്‍ പറഞ്ഞു. പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ നിയോജകമണ്ഡലം ഭാരവാഹിയാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് പരാതിയും നല്‍കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം അടുത്തകാലത്ത് താന്‍ ബി.ജെ.പി.യോട് അനുഭാവം പുലര്‍ത്തിയിരുന്നെങ്കിലും ആ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിട്ടില്ലെന്ന് സുഗതന്‍ പറമ്പില്‍ മാതൃഭൂമിയോട് പറഞ്ഞു. മണ്ഡലം ഭാരവാഹിയാക്കുന്ന കാര്യം സംസാരിച്ചിരുന്നു. എന്നാല്‍, ഭാരവാഹിത്വം ഏറ്റെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് മുതല്‍ സുഗതന് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നാണ് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞത്.

WATCH THIS VIDEO: