ടെല്‍ അവീവ്: വെടിനിര്‍ത്തല്‍ കരാറില്‍ സമവായത്തില്‍ എത്താന്‍ കഴിയാത്ത ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രാജ്യത്ത് ജനരോഷം ശക്തമാവുന്നു. നെതന്യാഹുവിന്റെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ കാരണമാണ് ബന്ദിമോചനം ഇതുവരെ സാധ്യമാകാത്തത് എന്ന് ചൂണ്ടിക്കാട്ടി ബന്ദികളിലൊരാളുടെ പിതാവ് രംഗത്തെത്തി.
ബന്ദിയാക്കപ്പെട്ട ഇസ്രഈല്‍ സൈനികനായ നിമ്രോദ് കോഹന്റെ പിതാവ് യെഹൂദ കോഹനാണ് തന്റെ സ്വകാര്യ താത്പര്യങ്ങള്‍ക്കായി നെതന്യാഹു ഗസയ്ക്കെതിരായ യുദ്ധം നീട്ടിക്കൊണ്ടുപോവുകയാണെന്ന് വിമര്‍ശിച്ചത്. കേവലം ഗസയിലെ ജനങ്ങളോട് മാത്രമല്ല ഇസ്രഈലി സൈനികരോടും നെതന്യാഹു യുദ്ധക്കുറ്റമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ അന്താരാഷ്ട്ര നിയമങ്ങളെ പിന്തുണക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം നെതന്യാഹുവിനെതിരെ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി (ഐ.സി.സി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെ അനുകൂലിക്കുകയും ചെയ്തു. ഇസ്രഈല്‍ സര്‍ക്കാര്‍ രാജ്യത്തെ ഒറ്റിക്കൊടുക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
കൊലപാതകങ്ങള്‍ നടത്തുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുന്നതെന്ന് വിമര്‍ശിച്ച കോഹന്‍ സൈനികരുടെ ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ ഭരണകൂടം പ്രാധാന്യം കൊടുക്കുന്നത് ഗസയില്‍ അനധികൃത കുടിയേറ്റങ്ങള്‍ നടത്തുന്നതിനാണെന്നും അഭിപ്രായപ്പെട്ടു.
‘നിങ്ങളുടെ പാര്‍ട്ടിക്ക് മരണത്തെപ്പറ്റി മാത്രമേ ആശങ്കയുള്ളൂ. ഓരിറ്റ് സ്ട്രോക്ക് തന്റെ മക്കളെ ബലിയര്‍പ്പിക്കാന്‍ തീരുമാനിച്ചതുകൊണ്ട് ഞാനും ഈ രാജ്യത്തെ മറ്റ് കുടുംബങ്ങളും അവരുടെ മകനെ ബലി നല്‍കണമെന്നാണോ ഇവര്‍ ചിന്തിക്കുന്നത്. ഇതെല്ലാം അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായ കാര്യങ്ങളാണ്. അതിനെയാണ് ഫാസിസം എന്ന് വിളിക്കുന്നത്,’ കോഹന്‍ പറഞ്ഞു. ഇസ്രഈലിലെ തീവ്ര വലതുപക്ഷ വിഭാഗക്കാരനായ ഓരിറ്റ് സ്ട്രോക്ക് സെറ്റില്‍മെന്റ് വകുപ്പ് മന്ത്രിയാണ്.
അതേസമയം നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി അംഗമായ എം.കെ എലിയാഹു രെവിവോ, കോഹന്റെ ആരോപണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. നിങ്ങള്‍ ഇത്തരം വാക്കുകള്‍ പറയുകയാണെങ്കില്‍ നിങ്ങളുടെ മകന്‍ ഇനിയും വര്‍ഷങ്ങളോളം ഹമാസ് തടവറയില്‍ കഴിയേണ്ടി വരുമെന്ന് രെവിവോ ഭീഷണി മുഴക്കി.
അതേസമയം തിങ്കളാഴ്ച നെസെറ്റില്‍ ബന്ദികളായവരുടെ കുടുംബങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി.
ഹമാസുമായി കരാര്‍ ഉണ്ടാക്കാനും തങ്ങളുടെ ബന്ധുക്കളെ ജീവനോടെ വീട്ടിലേക്ക് കൊണ്ടുവരുന്നതിലും നെതന്യാഹു പരാജയപ്പെട്ടുവെന്ന് ഗസയില്‍ തടവിലാക്കപ്പെട്ട ഇസ്രഈലി ബന്ദികളുടെ കുടുംബങ്ങള്‍ ദീര്‍ഘകാലമായി ആരോപിക്കുന്നുണ്ട്.
2023 ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ പ്രത്യാക്രമണത്തിന് ശേഷം ഗവണ്‍മെന്റിനും നെതന്യാഹുവിനുമെതിരേയും ബന്ദികളാക്കിയവരുടെ സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും നേതൃത്വത്തില്‍ വലിയ പ്രകടനങ്ങള്‍ ഇസ്രഈലിലുടനീളം തുടര്‍ച്ചയായി നടക്കുന്നുണ്ട്.
ഗസയ്ക്കെതിരായ ഇസ്രഈലിന്റെ യുദ്ധം 15 മാസത്തിലേറെയായി തുടരുകയാണ്, 2023 നവംബറില്‍ ഒരാഴ്ച നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കരാര്‍പ്രകാരം ഫലസ്തീന്‍ തടവുകാര്‍ക്ക് വിട്ടുകൊടുത്തതിന് പകരമായി 251 ബന്ദികളില്‍ 105 പേരെ മോചിപ്പിച്ചിരുന്നു.
അതിനുശേഷം സൈനിക നടപടികളിലൂടെ ഇസ്രഈല്‍ എട്ട് പേരെ മോചിപ്പിച്ചു. 2023 ജൂണില്‍, നാല് തടവുകാരെ രക്ഷിക്കാനുള്ള യു.എസ് പിന്തുണയോടെ നടത്തിയ ഓപ്പറേഷനില്‍ ഇസ്രഈല്‍ സൈന്യം 274 ഫലസ്തീനികളെ വധിച്ചിരുന്നു.
Content Highlight: Netanyahu ‘committing war crimes’ says Father of Israeli captive