Advertisement
Entertainment
ആ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ പാനിക്ക് അറ്റാക്ക് വരുമോ എന്ന് ടെന്‍ഷന്‍ ഉണ്ടായിരുന്നു: അര്‍ച്ചന കവി

ടെലിവിഷന്‍ അവതാരകയായി കരിയര്‍ ആരംഭിച്ചയാളാണ് അര്‍ച്ചന കവി. ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയാണ് അര്‍ച്ചന സിനിമാലോകത്തേക്കെത്തിയത്. ആദ്യ ചിത്രത്തിലെ പ്രകടനം കൊണ്ടുതന്നെ അര്‍ച്ചന ശ്രദ്ധേയയായി. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായ അര്‍ച്ചന തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറയിച്ചു.

നീണ്ട ഇടവേളക്ക് ശേഷം അര്‍ച്ചനയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവാണ് ഐഡന്റിറ്റി. ഫോറന്‍സിക്കിന് ശേഷം അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോയുടെ സഹോദരിയായാണ് അര്‍ച്ചന വേഷമിട്ടത്. ഐഡന്റിറ്റിയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് അര്‍ച്ചന കവി.

രണ്ട് വര്‍ഷം മുമ്പ് മീനവിയല്‍ എന്ന സീരീസ് കണ്ടിട്ട് സംവിധായകനായ അഖിലാണ് തന്നെ ഈ സിനിമയിലേക്ക് വിളിച്ചതെന്ന് അര്‍ച്ചന പറയുന്നു. കഥ കേട്ടപ്പോള്‍ തന്നെ കഥയും കഥാപാത്രവും ഇഷ്ടമായെന്നും സിനിമയുടെ ചര്‍ച്ചകളിലൂടെയാണ് സംവിധായകരുമായി കൂടുതല്‍ അടുത്തതെന്നും നടി പറഞ്ഞു.

താന്‍ ആ സമയത്ത് പി.എം.ഡി.ഡിക്കുള്ള ട്രീറ്റ്‌മെന്റ് എടുക്കുകയായിരുന്നു എന്നും ഷൂട്ടിങ്ങിനിടയില്‍ പാനിക് അറ്റാക്ക് വരുമോ എന്തെങ്കിലും പ്രശ്നമാകുമോ എന്നൊക്കെയുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഇടവേളയെടുക്കാമെന്ന് സംവിധായകര്‍ പറഞ്ഞെന്നും എന്നാല്‍ അതിന്റെയൊന്നും ആവശ്യം വന്നില്ലെന്നും അര്‍ച്ചന പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ച്ചന കവി.

‘രണ്ട് വര്‍ഷം മുമ്പ് സംവിധായകനായ അഖിലാണ് എന്നെ ഈ സിനിമയിലേക്ക് വിളിച്ചത്. ‘മീനവിയല്‍’ സീരിസ് കണ്ടിട്ടാണെന്ന് തോന്നുന്നു. കേട്ടപ്പോള്‍ കഥയും കഥാപാത്രവുമെല്ലാം ഇഷ്ടമായി. ഈ സിനിമയുമായി ബന്ധപ്പെട്ട സംസാരങ്ങളിലൂടെയാണ് സംവിധായകരായ അഖിലിനെയും അനസിനെയും അടുത്തറിഞ്ഞത്.

ഞാന്‍ പി.എം.ഡി.ഡിക്കുള്ള (പ്രി മെന്‍സ്ട്രല്‍ ഡിസ്ഫോറിക് ഡിസോര്‍ഡര്‍) ചികിത്സ എടുക്കുന്ന സമയമായിരുന്നു. ഷൂട്ടിങ്ങിനിടയില്‍ പാനിക് അറ്റാക്ക് വരുമോ എന്തെങ്കിലും പ്രശ്നമാകുമോ എന്നൊക്കെയുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നു.

അതിനെകുറിച്ച് ഇരുവരോടും സംസാരിച്ചിരുന്നു. എന്നാല്‍ അതൊന്നും പ്രശ്നമല്ലെന്ന് പറഞ്ഞു. സംവിധായകര്‍ എന്റെ നല്ല സുഹൃത്തുക്കളായി മാറി. സെറ്റില്‍ എനിക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ പറഞ്ഞാല്‍ മതി, ആവശ്യമെങ്കില്‍ ഇടവേള എടുക്കാം എന്നൊക്കെ ഷൂട്ടിനിടയില്‍ തന്നെ അവര്‍ പറയും. ദൈവാനുഗ്രഹത്തില്‍ അതിന്റെയൊന്നും ആവശ്യം വന്നില്ല,’ അര്‍ച്ചന കവി പറയുന്നു.

Content Highlight: Archana Kavi Talks About identity movie and her health condition