തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് ബാല. കണ്ടുശീലിച്ച രീതികളില്‍ നിന്ന് വ്യത്യസ്തമായി റോ ആയിട്ടുള്ള കഥകളാണ് ബാലയുടെ സിനിമകള്‍ കൂടുതലും സംസാരിക്കാറുള്ളത്. ആദ്യചിത്രമായ സേതുവിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ബാല, നാന്‍ കടവുള്‍ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡും സ്വന്തമാക്കി. സൂര്യ, വിക്രം, ആര്യ എന്നിവരുടെ കരിയറിലെ നാഴികക്കല്ലായിട്ടുള്ള കഥാപാത്രങ്ങളെല്ലാം പിറന്നത് ബാലയുടെ ചിത്രങ്ങളിലൂടെയായിരുന്നു.
സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്ത് 2001ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നന്ദ. അഭിനയത്തിന്റെ പേരില്‍ ധാരാളം വിമര്‍ശനങ്ങള്‍ കേട്ട സൂര്യ അതിനെല്ലാം മറുപടി നല്‍കിയത് നന്ദയിലൂടെയാണ്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സൂര്യയെ തേടിയെത്തിയിരുന്നു. സ്വന്തം അമ്മയുടെ കൈകൊണ്ടുള്ള മരണമാണ് ചിത്രത്തില്‍ സൂര്യയുടെ കഥാപാത്രത്തിന് ലഭിച്ചത്.
എം.ടി വാസുദേവന്‍ നായരുടെ ചെറുകഥയില്‍ നിന്നാണ് ആ ക്ലൈമാക്‌സിന്റെ ഐഡിയ തനിക്ക് കിട്ടിയതെന്ന് പറയുകയാണ് സംവിധായകന്‍ ബാല. ആ ഒരു ഭാഗം മമ്മൂട്ടിയുടെ തനിയാവര്‍ത്തനം എന്ന സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ബാല പറഞ്ഞു. തനിയാവര്‍ത്തനത്തില്‍ നായകന്‍ ഭ്രാന്തനാണെന്നും നന്ദയില്‍ നായകന്‍ ക്രിമിനലാണെന്നുമുള്ള വ്യത്യാസം മാത്രമേയുള്ളൂവെന്നും ബാല പറഞ്ഞു.
തനിയാവര്‍ത്തനം പ്രേക്ഷകര്‍ സ്വീകരിക്കുകയും ഒരുപാട് അവാര്‍ഡുകള്‍ കിട്ടുകയും ചെയ്തത് തനിക്ക് കോണ്‍ഫിഡന്‍സ് തന്നെന്നും നന്ദയില്‍ അതേ എലമെന്റ് ഉപയോഗിച്ചെന്നും ബാല കൂട്ടിച്ചേര്‍ത്തു. ചെറുപ്പത്തില്‍ സ്വന്തം അച്ഛനെ കൊന്ന നായകന്‍ വലുതായപ്പോഴും ക്രിമിനല്‍ സ്വഭാവം മാറ്റാത്തതുകൊണ്ടാണ് അവന്റെ അമ്മ വിഷം കൊടുത്ത് കൊല്ലുന്നതെന്നും അത് പ്രേക്ഷകര്‍ക്ക് കണ്‍വിന്‍സായെന്നും ബാല പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു ബാല.
‘നന്ദയുടെ ക്ലൈമാക്‌സ് അങ്ങനെ വേണമെന്ന് എനിക്ക് ആദ്യമേ നിര്‍ബന്ധമുണ്ടായിരുന്നു. എം.ടി. വാസുദേവന്‍ നായരുടെ ചെറുകഥയില്‍ നിന്നാണ് എനിക്ക് ആ ക്ലൈമാക്‌സിനുള്ള ഐഡിയ കിട്ടുന്നത്. മലയാളത്തില്‍ ഒരു സിനിമയില്‍ ആ കഥ ഉപയോഗിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ തനിയാവര്‍ത്തനത്തിലാണ് ആ സീനുള്ളത്. ആ സിനിമയിലും ക്ലൈമാക്‌സില്‍ നായകന്റെ അമ്മ അയാള്‍ക്ക് വിഷം കൊടുത്ത് കൊല്ലുന്നതാണ് സീന്‍.
ആ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുകയും ഒരുപാട് അവാര്‍ഡുകള്‍ കിട്ടുകയും ചെയ്തു. എനിക്ക് കോണ്‍ഫിഡന്‍സ് തന്ന കാര്യം അതാണ്. നന്ദയില്‍ നായകന്‍ ക്രിമിനലാണെങ്കില്‍ തനിയാവര്‍ത്തനത്തില്‍ നായകന്‍ ഭ്രാന്തനാണ്. ചെറുപ്പത്തില്‍ സ്വന്തം അച്ഛനെ കൊന്ന നായകനാണ് നന്ദയിലേത്. വളര്‍ന്ന് വലുതായപ്പോഴും അയാള്‍ ക്രിമിനലാണ്. അതുകൊണ്ടാണ് സ്വന്തം അമ്മ അവനെ വിഷം കൊടുത്ത് കൊല്ലുന്നത്. പ്രേക്ഷകര്‍ക്ക് അത് കണ്‍വിന്‍സായതാണ് സിനിമയുടെ വിജയം,’ ബാല പറഞ്ഞു.
Content Highlight: Bala saying he inspired from Thaniyavarthanam movie for Nandhaa Climax