Sports News
വ്യക്തിപരമായി സഞ്ജുവിനെയാണ് ഇഷ്ടം, പന്തിന് വിശ്രമം നല്‍കിയാലും പ്രശ്‌നമില്ല: തുറന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 14, 04:00 am
Tuesday, 14th January 2025, 9:30 am

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍. ക്രിക്കറ്റ് ലോകത്തെ പ്രധാന ടൂര്‍ണമെന്റ് 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. ടൂര്‍ണമെന്റിന് മുന്നോടിയായി ഇന്ത്യയും പാകിസ്ഥാനുമൊഴികെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ സ്‌ക്വാഡ് പുറത്ത് വിട്ടിട്ടുണ്ട്.

ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള തന്റെ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. സ്‌ക്വാഡില്‍ ഏറെ അമ്പരപ്പിച്ചത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണെ ഹര്‍ഭജന്‍ തെരഞ്ഞെടുത്തതാണ്. കെ.എല്‍. രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയാണ് മുന്‍ താരം സഞ്ജുവിനെയും റിഷബ് പന്തിനെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്.

Sanju Samson

ഇപ്പോള്‍ സഞ്ജുവിനെക്കുറിച്ച് സംസാരിക്കുകയാണ് ഹര്‍ഭജന്‍. സമീപകാല പ്രകടനങ്ങളെ അപേക്ഷിച്ച് സഞ്ജുവിനെയാണ് ഹര്‍ഭജന്‍ ഫസ്റ്റ് ഓപ്ഷന്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത്. പന്തിന് വിശ്രമം അനുവദിച്ചാലും പ്രശ്‌നമില്ല, വ്യക്തിപരമായി സഞ്ജുവിനെയാണ് ഇഷ്ടമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

സഞ്ജുവിനെക്കുറിച്ച് ഹര്‍ഭജന്‍ പറഞ്ഞത്

‘സഞ്ജു സാംസണോ റിഷബ് പന്തോ തെരഞ്ഞെടുക്കപ്പെടണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സൗത്ത് ആഫ്രിക്കയില്‍ കളിച്ച പരിചയമുള്ളതിനാല്‍ വ്യക്തിപരമായി ഞാന്‍ സഞ്ജുവിനെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. റിഷബ് ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു, അത് ഒരു നീണ്ട പര്യടനമായിരുന്നു, അതിനാല്‍ പന്തിന് വിശ്രമം നല്‍കിയാലും അത് വലിയ പ്രശ്നമല്ല,’ ഹര്‍ഭജന്‍ പറഞ്ഞു.

ഏകദിനത്തില്‍ സഞ്ജു സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് അവസാനമായി കളിച്ചത്. നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി താരം സെഞ്ച്വറി നേടിയിരുന്നു. മാത്രമല്ല അടുത്തിടെ ടി-20യില്‍ ബാക് ടു ബാക് ഉള്‍പ്പെടെ മൂന്ന് മിന്നും സെഞ്ച്വറികളാണ് താരം നേടിയത്. പന്ത് അവസാനമായി കളിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മികവ് പുലര്‍ത്തിയ പ്രകടനം വിരളമാണ്. ഓസ്‌ട്രേലിയയോട് പരമ്പരയില്‍ 3-1ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു.

2025ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഹര്‍ഭജന്റെ ടീം

യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിഷബ് പന്ത്/സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍.

ടൂര്‍ണമെന്റില്‍ കറാച്ചിയില്‍ വെച്ച് നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ നേരിടും. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശും ഇന്ത്യയും ദുബായില്‍ ഏറ്റുമുട്ടും. ഇന്ത്യയുടെ രണ്ടാം മത്സരം പാകിസ്ഥാനുമായിട്ടാണ്. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന മത്സരമാണിത്. ഫെബ്രുവരി 23നാണ് മത്സരം.

Content Highlight: Harbhajan Sing Talking About Sanju Samson Ahead Of Champions Trophy