മൂന്ന് റണ്‍സില്‍ രക്ഷപ്പെട്ട് പഞ്ചാബ്; നാണക്കേടിന്റെ തലപ്പത്ത് ഇപ്പോഴും സഞ്ജുവിന്റെ രാജസ്ഥാൻ തന്നെ
Cricket
മൂന്ന് റണ്‍സില്‍ രക്ഷപ്പെട്ട് പഞ്ചാബ്; നാണക്കേടിന്റെ തലപ്പത്ത് ഇപ്പോഴും സഞ്ജുവിന്റെ രാജസ്ഥാൻ തന്നെ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th April 2024, 8:51 pm

ഐ.പി.എല്ലിലെ 42 മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

എന്നാല്‍ പഞ്ചാബ് നായകന്‍ സാം കറന്റെ തീരുമാനം പിഴയ്ക്കുന്നതായിരുന്നു പിന്നീട് ഗ്രൗണ്ടില്‍ കണ്ടത്. കൊല്‍ക്കത്തയ്ക്കായി ഓപ്പണര്‍മാര്‍ ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്‌നും തുടക്കത്തില്‍ തന്നെ തകര്‍ത്തടിക്കുകയായിരുന്നു. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് 76 റണ്‍സ് ആണ് പഞ്ചാബിനെതിരെ അടിച്ചെടുത്തത്.

ഈ തകര്‍പ്പന്‍ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് പിറവിയെടുത്തത്. ഐ.പി.എല്‍ ചരിത്രത്തില്‍ കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്ന നേട്ടമാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ഈ നേട്ടത്തില്‍ ഒന്നാമതുള്ളത് 2023ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊൽക്കത്ത നേടിയ 78/1 എന്ന സ്‌കോര്‍ ആണ്. മൂന്ന് റണ്‍സ് കൂടി ഇരുവര്‍ക്കും നേടാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഈഡന്‍ ഗാര്‍ഡനിലെ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്‌കോറാക്കി മാറ്റാന്‍ കൊല്‍ക്കത്തക്ക് സാധിക്കുമായിരുന്നു.

മത്സരത്തില്‍ 32 പന്തില്‍ 71 റണ്‍സ് നേടികൊണ്ടായിരുന്നു നരെയ്‌ന്റെ തകര്‍പ്പന്‍ പ്രകടനം. രാഹുല്‍ ചഹര്‍ എറിഞ്ഞ പത്താം ഓവറിലെ രണ്ടാം പന്തില്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോണി ബെയര്‍‌സ്റ്റോക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

അതേസമയം തുടര്‍ച്ചയായ തോല്‍വികള്‍ക്കൊടുവില്‍ വിജയവഴിയില്‍ തിരിച്ചെത്താനാണ് പഞ്ചാബ് കൊല്‍ക്കത്തയ്‌ക്കെതിരെ അണിനിരന്നത്. മറുഭാഗത്ത് തങ്ങളുടെ വിജയ കുതിപ്പ് തുടര്‍ന്നുകൊണ്ട് പോയിന്റ് പട്ടികയില്‍ മുന്നേറാമായിരിക്കും അയ്യറും സംഘവും ലക്ഷ്യം വെക്കുക.

Content Highlight: Kolkatha Knight Riders create a new record in Power play of IPL