കൊൽക്കത്തയുടെ 14 വർഷത്തെ കാത്തിരിപ്പ് ഇന്ന് അവസാനിക്കുമോ? മുംബൈയുടെ അന്തകനിപ്പോഴും വീര്യം ചോരാതെ നിൽപ്പുണ്ട്!
Cricket
കൊൽക്കത്തയുടെ 14 വർഷത്തെ കാത്തിരിപ്പ് ഇന്ന് അവസാനിക്കുമോ? മുംബൈയുടെ അന്തകനിപ്പോഴും വീര്യം ചോരാതെ നിൽപ്പുണ്ട്!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd May 2024, 3:59 pm

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെയാണ് നേരിടുന്നത്. നിലവില്‍ പത്ത് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും ഏഴ് തോല്‍വിയുമടക്കം ആറ് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ.

മറുഭാഗത്ത് ഒമ്പത് മത്സരങ്ങളില്‍ നിന്നും ആറ് വിജയവും മൂന്ന് തോല്‍വിയും അടക്കം 12 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത. മുംബൈയ്‌ക്കെതിരെ വിജയിച്ചുകൊണ്ട് പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാന്‍ ആയിരിക്കും കൊല്‍ക്കത്ത കളത്തില്‍ ഇറങ്ങുന്നത്. മറുഭാഗത്ത് ടൂര്‍ണമെന്റില്‍ നിലനില്‍ക്കണമെങ്കില്‍ മുംബൈ ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കില്ല.

മത്സരത്തിനു മുന്നോടിയായുള്ള ഒരു ചരിത്രപരമായ കണക്കുകളാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നീണ്ട 14 വര്‍ഷമായി കൊല്‍ക്കത്തക്ക് മുംബൈ തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. വാംഖഡെയുടെ മണ്ണില്‍ അവസാനമായി കൊല്‍ക്കത്ത ഒരു മത്സരം വിജയിക്കുന്നത് 2012ലെ ഐ.പി.എല്ലില്‍ ആയിരുന്നു.

ആ മത്സരത്തില്‍ 32 റണ്‍സിനായിരുന്നു കൊല്‍ക്കത്ത മുംബൈയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 19.1 ഓവറില്‍ 108 റണ്‍സിന് പുറത്താവുകയായിരുന്നു.

കൊല്‍ക്കത്തയുടെ ബൗളിങ്ങില്‍ സുനില്‍ നരെയ്ന്‍ നാല് വിക്കറ്റും ജാക്ക് കാലിസ്, ലക്ഷ്മിപതി ബാലാജി രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ മുംബൈ തകര്‍ന്നടിയുകയായിരുന്നു.

ഈ മത്സരത്തിനു ശേഷം വാംഖഡെയില്‍ നിന്ന് ഒരു മത്സരത്തിലും മുംബൈ ഇന്ത്യന്‍സിനെ കൊല്‍ക്കത്തക്ക് തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം വാംഖഡെയുടെ മണ്ണില്‍ മുംബൈയെ വീഴ്ത്തി ചരിത്രം കുറിക്കാന്‍ കൊല്‍ക്കത്തക്ക് സാധിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Kolkata Knight Riders ready to beat Mumbai Indians after 14 years to in Wankhede