തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ രാഹുല്‍ ഗാന്ധി എന്താണ് പറഞ്ഞതെന്ന് പഠിച്ചിട്ട് അഭപ്രായം പറയണമെന്ന് കെ. മുരളീധരന്‍ എം.പി. ഹിന്ദുത്വയും ഹിന്ദു മതവും തമ്മിലുള്ള വ്യത്യാസമാണ് രാഹുല്‍ ഗാന്ധി പറഞ്ഞതെന്നും ബി.ജെ.പിയുടെ ഹിന്ദുത്വ നിലപാടിനെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചതെന്നും മുരളീധരന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധി എന്തിനെതിരെയാണ് സംസാരിച്ചതെന്ന് ന്യൂനപക്ഷത്തിന് അറിയാം. അവര്‍ രാഹുല്‍ പറഞ്ഞതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിക്കുമെന്നുള്ളത് സി.പി.ഐ.എമ്മിന്റെ തെറ്റിദ്ധാരണയാണ്.
ഹിന്ദുമതം ബി.ജെ.പിക്ക് തീറെഴുതി കൊടുക്കാന്‍ സി.പി.ഐ.എം ശ്രമിക്കരുത്. അത് സംഘപരിവാറിന്‍രെ വളര്‍ച്ചയ്ക്കായിരിക്കും വഴിവെക്കുക.
രൂക്ഷമായ സ്ഥിതിയിലേക്ക് സി.പി.ഐ.എം കാര്യങ്ങളെ കൊണ്ടെത്തിക്കരുത്. ഈ നടപടി സി.പി.ഐ.എം അവസാനിപ്പിക്കണമെന്നും കെ. മുരളീധരന്‍ പറഞ്ഞു.
കെ റെയിലില്‍ ശശി തരൂരിന്റെ നിലപാട് വ്യക്തിപരമാണെന്നും പാര്‍ട്ടി നിലപാടും യു.ഡി.എഫ് നയവും അനുസരിച്ചാണ് റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടെടുത്ത നിലപാടില്‍ ഉറച്ചുതന്നെ നില്‍ക്കും. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ക്ക് മാറി നില്‍ക്കാനുള്ള അവകാശമുണ്ട്. കെ റെയില്‍ വിഷയവുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രിയെ അടുത്തയാഴ്ച്ച നേരിട്ട് കാണും. സര്‍ക്കാരിനൊപ്പം തരൂര്‍ നില്‍ക്കില്ല എന്നാണ് മനസിലാക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
കെ റെയില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് ഉറപ്പാണ്. കെ റെയിലിനെതിരെയുള്ള സമരത്തിന് താന്‍ മുന്‍പന്തിയിലുണ്ടാകും. തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞതില്‍ ആത്മാര്‍ഥത ഉണ്ടെങ്കില്‍ അടുത്ത തവണ തിരുവനന്തപുരത്ത് ശശി തരൂരാണ് സ്ഥാനാര്‍ഥി എങ്കില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്നും തരൂരിനെ ലോക്സഭയില്‍ എത്തിക്കേണ്ടത് ഇടത് മുന്നണിയുടെ കൂടി ആവശ്യമാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ റാലിയും മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വഴിതെറ്റലുകളുടെ ചൂണ്ടുപലകയാണെന്നായിരുന്നു കോടിയേരി നേരത്തെ പറഞ്ഞിരുന്നത്.
മുസ്ലിം ലീഗും കോണ്‍ഗ്രസും അകപ്പെട്ടിരിക്കുന്നത് അഗാധമായ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. വീണ്ടും അധികാരം ലഭിക്കുന്നതിന് ഇരുക്കൂട്ടരും കണ്ടെത്തിയ പിടിവള്ളിയാണ് ആര്‍.എസ്.എസ്.
രാഹുല്‍ ഗാന്ധി ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് പറഞ്ഞത് കോണ്‍ഗ്രസിലെ മതനിരപേക്ഷ വിശ്വാസികളെപോലും ഞെട്ടിച്ചിരിക്കുകയാണ്. മഹാത്മ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവുമെല്ലാം കോണ്‍ഗ്രസിലുറപ്പിച്ച മതനിരപേക്ഷ ആശയം രാഹുലും സംഘവും പിഴുതെറിയുകയാണെന്നും കോടിയേരി പറഞ്ഞിരുന്നു.
രാഹുലിന്റെ ഹിന്ദുരാജ്യ പ്രഖ്യാപനത്തിന് മുന്നില്‍ മൗനം പാലിക്കുന്നത് മുസ്‌ലിം ലീഗിന്റെ ഗതികേടാണെന്നും ഇന്ത്യയിലെ വലിയ പ്രതിപക്ഷ പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ബി.ജെ.പിയുടെ ഹിന്ദുരാഷ്ട്രത്തെ എതിര്‍ക്കുന്നതിലും തുറന്നുകാട്ടുന്നതിലും വന്‍പരാജയമാണെന്നുമാണ് കോടിയേരി പറഞ്ഞിരുന്നത്.