Kerala News
ആരുടെ മകനായാലും ഫേസ്ബുക്കിലല്ല പാര്‍ട്ടിയില്‍ പറയേണ്ടത് അവിടെ പറയണം: പി. ജയരാജന്റെ മകനെതിരെ കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 05, 04:54 pm
Saturday, 5th March 2022, 10:24 pm

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പി. ജയരാജന് അംഗത്വം നല്‍കാത്തതില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ നേതാക്കളും ജനങ്ങളുടെ ഹൃദയത്തിലുണ്ടെന്ന് കോടിയേരി പറഞ്ഞു.

സ്വന്തം നിലപാട് ജയരാജന്‍ പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങള്‍ പ്രശ്‌നമുണ്ടാക്കാന്‍ നോക്കേണ്ട. ഒറ്റക്കെട്ടായുള്ള തീരുമാനം പി. ജയരാജന്‍ അംഗീകരിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി. ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ആരുടെ മകനായാലും പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണമെന്നാണ് കോടിയേരി പറഞ്ഞത്.

പി. ജയരാജന്റെ വീഡിയോ ഷെയര്‍ ചെയ്ത് ‘ആരൊക്കെ തള്ളിപ്പറഞ്ഞാലും ഇടനെഞ്ചില്‍ത്തന്നെ’ എന്നായിരുന്നു മകന്‍ ജെയ്ന്‍ ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഏത് പ്രതികരണമാണെങ്കിലും ഫേസ്ബുക്കിലല്ല, പാര്‍ട്ടിയില്‍ പറയണമെന്നും കോടിയേരി വ്യക്തമാക്കി.

പി.ജയരാജനെ അനുകൂലിച്ചുകൊണ്ട് റെഡ് ആര്‍മി ഒഫീഷ്യല്‍ എഫ്.ബി പേജില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ‘പി.ജയരാജന്‍ സെക്രട്ടേറിയറ്റില്‍ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്’, ‘സ്ഥാനമാനങ്ങളില്‍ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം’ എന്നാണ് റെഡ് ആര്‍മി ഒഫീഷ്യല്‍ എഫ്.ബി പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളില്‍ പറയുന്നത്.

‘കണ്ണൂരിന്‍ ചെന്താരകമല്ലോ ജയരാജന്‍’ എന്ന പാട്ടും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ പാര്‍ട്ടിയില്‍ പദവിയല്ല നിലപാടാണ് വലുതെന്ന് പി. ജയരാജന്‍ വിഷയത്തില്‍ പ്രതികരിച്ചത്. ഉള്‍പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സി.പി.ഐ.എം എന്നും ജയരാജന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് ഒളിഞ്ഞുനോട്ട മനോഭാവമാണെന്നും സി.പി.ഐ.എമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിമര്‍ശനവും സ്വയം വിമര്‍ശനവും ഉള്ള പാര്‍ട്ടിയും ഇതാണ്. ഇതുപോലൊരു പ്രക്രിയ കോണ്‍ഗ്രസിനുണ്ടോ. അതില്‍ സ്വന്തം ലാഭത്തിന് വേണ്ടി ഗ്രൂപ്പുകള്‍ മാറികൊണ്ടിരിക്കുകയാണെന്നും പി. ജയരാജന്‍ പറഞ്ഞു.


Content Highlights: Kodiyeri Balakrishnan reacts to P Jayarajan’s son’s facebook post