Political Killing
മഞ്ചേശ്വരത്തേത് എല്‍.ഡി.എഫ് അധികാരത്തിലെത്തിയശേഷം ബി.ജെ.പി-ആര്‍.എസ്.എസ് സംഘം നടത്തുന്ന പതിനേഴാമത്തെ കൊലപാതകം: കോടിയേരി ബാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 06, 08:36 am
Monday, 6th August 2018, 2:06 pm

 

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ബി.ജെ.പി ആര്‍.എസ്.എസ് സംഘം നടത്തുന്ന പതിനേഴാമത്തെ കൊലപാതകമാണ് മഞ്ചേശ്വരത്തെ അബ്ദൂബക്കര്‍ സിദ്ധീഖിന്റേതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

ആര്‍.എസ്.എസ് ക്രിമിനല്‍ സംഘമാണ് സിദ്ധീഖിന്റെ കൊലപാതകത്തിന് പിന്നില്‍. ഒരു ഭാഗത്ത് ആര്‍.എസ്.എസും മറുഭാഗത്ത് എസ്.ഡി.പി.ഐയും കൊലപാതകങ്ങള്‍ നടത്തി നാട്ടില്‍ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read:സിദ്ധീഖിന്റേത് ആര്‍.എസ്.എസിന്റെ ആസൂത്രിത കൊലപാതകം; ശ്രീധരന്‍ പിള്ളയ്ക്ക് മറുപടിയുമായി വി.പി.പി മുസ്തഫ

ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലില്‍ വെച്ചാണ് സിദ്ധീഖിനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ധീഖ് പത്തു ദിവസം മുമ്പാണ് നാട്ടിലെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം സ്വദേശിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അശ്വിത്തിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. സംഘത്തില്‍ നാലുപേരുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. കൊലയാളികള്‍ ഉപയോഗിച്ച ബൈക്ക് സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്റെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേകസംഘമാണ് കേസന്വേഷിക്കുന്നത്.