കോട്ടയം: പ്രണയിച്ചതിന്റെ പേരില്‍ ദുരഭിമാന കൊലയ്ക്ക് വിധേയനായ കെവിന്‍ വധക്കേസില്‍ മുന്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെവിന്‍ വധക്കേസില്‍ നടപടി നേരിട്ട ഗാന്ധിനഗര്‍ എ.എസ്.ഐക്ക് ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് കോടിയേരി ആരോപിച്ചത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടമുണ്ടാക്കാന്‍ ഇയാള്‍ പ്രവര്‍ത്തിച്ചുവെന്നും കോടിയേരി ആരോപിച്ചു. യു.ഡി.എഫ് കാലത്തെ പൊലീസ് അസോസിയേഷന്‍ നേതാവായിരുന്നു നടപടി നേരിട്ട എ.എസ്.ഐ.
കുടുംബ പ്രശ്‌നത്തെ ചിലര്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ഉപയോഗിക്കുകയാണെന്നും, പ്രതികള്‍ക്ക് ഡി.വൈ.എഫ്.ഐ ബന്ധമുണ്ടെന്ന് മനസ്സിലാക്കിയിട്ടും പൊലീസ് അറസ്റ്റിന് തയ്യാറായെന്നും
കോടിയേരി ചൂണ്ടിക്കാണിച്ചു. കോട്ടയത്ത് നടന്ന പൊതു യോഗത്തില്‍ സംസാരിക്കവെയാണ്
ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണവുമായി കോടിയേരി രംഗത്ത് വന്നത്.
നേരത്തെ കെവിന്‍ വധക്കേസില്‍ അറസ്റ്റിലായ പൊലീസുകാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു . ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ ബിജു, ഡ്രൈവര്‍ അജയ് കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.