തിരുവനന്തപുരം: കൊടകരയില്‍ പിടിച്ചെടുത്ത കള്ളപ്പണം ബി.ജെ.പിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കം 250 സാക്ഷികളാണ് കേസിലുള്ളത്. 21 പ്രതികളെ ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാലാം പ്രതി ബി.ജെ.പി. പ്രവര്‍ത്തകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊടകരയിലേത് ബി.ജെ.പിയുടെ പണമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കേസ് ഒതുക്കുന്നുവെന്ന പ്രതിപക്ഷ ആക്ഷേപം ജനശ്രദ്ധ തിരിക്കാനാണെന്നും ഗൗരവതരമായ അന്വേഷണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘കൊടകര കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സികളെ അറിയിച്ചിട്ടുണ്ട്. ഇ.ഡിയ്ക്ക് കേസെടുക്കാന്‍ അധികാരമുണ്ട്. സംസ്ഥാനം കൈമാറേണ്ട കാര്യമില്ല,’ മുഖ്യമന്ത്രി പറഞ്ഞു.
കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കുറ്റപത്രത്തിലുള്ളത്. കേസുമായി ബന്ധപ്പെട്ട് ജൂലൈ 14-ന് സുരേന്ദ്രന്‍ ഹാജരായിരുന്നു. ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയായിരുന്നു.
കവര്‍ച്ചക്കേസില്‍ പരാതി നല്‍കിയ ധര്‍മരാജനും കെ. സുരേന്ദ്രനും ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങളാണ് അന്ന് ചോദിച്ചറിഞ്ഞത്. കവര്‍ച്ചാ പണം മുഴുവന്‍ കണ്ടെടുക്കുക ദുഷ്‌കരമെന്നാണ് അന്വേഷണസംഘം പറയുന്നത്.
ഇത് തെരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാനുള്ള ഒന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഒരു മൊഴികളും ബി.ജെ.പി. നേതാക്കളില്‍ നിന്ന് കിട്ടിയിട്ടില്ല.
അതിനാല്‍ ഇത് ഒരു കവര്‍ച്ചാക്കേസ് മാത്രമായി കണക്കാക്കി ഒരു കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയ പാതയില്‍ മൂന്നരക്കോടി രൂപയും ക്രിമിനല്‍ സംഘം കവര്‍ന്നത്. ഇതില്‍ ഒരു കോടി 45 ലക്ഷം രൂപയാണ് അന്വേഷണ സംഘം കണ്ടെടുത്തത്.