'ഇത് കേന്ദ്ര സര്‍ക്കാര്‍ രീതി', സൗത്ത് സ്റ്റേഷന്റെ പേരുമാറ്റത്തില്‍ പ്രതിപക്ഷം
Kerala News
'ഇത് കേന്ദ്ര സര്‍ക്കാര്‍ രീതി', സൗത്ത് സ്റ്റേഷന്റെ പേരുമാറ്റത്തില്‍ പ്രതിപക്ഷം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th October 2023, 7:10 pm

കൊച്ചി: എറണാകുളം ജങ്ഷന്‍ (എറണാകുളം സൗത്ത്) റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റുന്നതിനുള്ള കൊച്ചി കോര്‍പറേഷന്റെ പ്രമേയത്തിനെതിരെ പ്രതിപക്ഷം. ഈ രീതിയില്‍ പേരുകള്‍ മാറ്റുന്നത് കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടയാണെന്നും കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു.

സ്റ്റേഷന് മുന്‍ കൊച്ചി രാജാവ് രജര്‍ഷി രാമവര്‍മന്റെ പേര് നല്‍കാനാണ് കോര്‍പ്പറേഷന്റെ ഒരുക്കം. ഷൊര്‍ണൂര്‍ – എറണാകുളം റെയില്‍പ്പാതയുടെ വികസനത്തിന് പിന്നില്‍ അന്നത്തെ രാജാവായിരുന്ന രജര്‍ഷി രാമവര്‍മയായിരുന്നു.

ഈ റെയില്‍വേ ലൈന്‍ നിലവില്‍ വന്നതിന് ശേഷമാണ് കൊച്ചിയില്‍ കൂടുതല്‍ വികസനം ഉണ്ടായത്. കൂടാതെ കൊച്ചി തുറമുഖത്തിന്റെ വളര്‍ച്ചക്ക് അദ്ദേഹം നിര്‍മിച്ച ട്രാം വേം സഹായകമായിട്ടുണ്ട്. ഇവയെല്ലാം മുന്‍നിര്‍ത്തിയാണ് കോര്‍പറേഷന്‍ പ്രമേയം പാസാക്കിയത്.

ഈ കാര്യം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ പാസാക്കിയ പ്രമേയത്തെ പ്രതിപക്ഷം എതിര്‍ക്കാതിരുന്നത് ജനങ്ങള്‍ അവര്‍ക്ക് എതിരാകുമെന്ന് ഭയന്നാണെന്നും കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ പറഞ്ഞു.

രാജഭക്തികൊണ്ടല്ല പേര് മാറ്റുന്നതെന്നും ജനങ്ങള്‍ നാടിന്റെ ചരിത്രവും പൈതൃകവും അറിയാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മേയര്‍ അറിയിച്ചു.

ലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന റെയില്‍വേയുടെ പേരുമാറ്റുന്നത് ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കാനും സാധ്യതയുണ്ട്. ഇതിനെതിരെ ജനങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.

ഏകപക്ഷീയമായി മേയര്‍ പാസാക്കിയ പ്രമേയത്തോട് യോജിക്കുന്നില്ലായെന്നും അത് സംബന്ധിച്ച എതിര്‍പ്പ് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആവശ്യമെങ്കില്‍ നിയമപരമായി മുന്നോട്ട് പോവുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content highlight: Kochi corporation opposition leader against name changing of Eranakulam South railway station