തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി നേതൃത്വത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം. കുഴല്‍പ്പണ കവര്‍ച്ചാ സംഘത്തിന് തൃശ്ശൂരില്‍ താമസ സൗകര്യമൊരുക്കി നല്‍കിയത് തൃശ്ശൂര്‍ ജില്ലാ നേതൃത്വമാണെന്ന് മുറി ബുക്ക് ചെയ്ത ഹോട്ടലിലെ ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കി.
ഏപ്രില്‍ 2ന് വൈകീട്ട് ഹോട്ടല്‍ നാഷണല്‍ ടൂറിസ്റ്റ് ഹോമിലാണ് ഇവര്‍ക്ക് മുറി ബുക്ക് ചെയ്തത്. 215, 216 നമ്പര്‍ മുറികളാണ് ബുക്ക് ചെയ്തത്. 215 നാം നമ്പര്‍ മുറിയില്‍ ധര്‍മരാജനും 216ാം നമ്പര്‍ മുറിയില്‍ ഷംജീറും റഷീദും താമസിച്ചെന്നുമാണ് ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി.
ഹോട്ടല്‍ രേഖകളും സി.സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു. ധര്‍മരാജിനെയും ഡ്രൈവര്‍ ഷംജീറിനെയും പൊലീസ് ഇന്നും ചോദ്യം ചെയ്യും. പൊലീസ് ക്ലബില്‍ എത്താനാണ് നിര്‍ദേശം.
കഴിഞ്ഞ ദിവസം കേസിലെ ആറാം പ്രതി മാര്‍ട്ടിന്റെ വീട്ടില്‍ നിന്ന് 9 ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിരുന്നു. ഇത് കുഴല്‍പ്പണം കവര്‍ന്നതാണെന്നാണ് പൊലീസ് നിഗമനം.
കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പണം ആലപ്പുഴയിലെത്തിച്ച് കര്‍ത്തയ്ക്കു കൈമാറാനായിരുന്നു നിര്‍ദേശമെന്ന് അറസ്റ്റിലായ പ്രതികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
പണം കൊണ്ടു പോകുന്നതിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കോഴിക്കോട് സ്വദേശി ധര്‍മരാജനുമായി കവര്‍ച്ച നടന്ന ദിവസം അടക്കം പലതവണ കര്‍ത്ത ബന്ധപ്പെട്ടതിന്റെ വിവരങ്ങളും പൊലീസിനു ലഭിച്ചെന്നാണു വിവരം.
അതേസമയം ചോദ്യം ചെയ്യലിനു നോട്ടീസ് ലഭിച്ചിട്ടുള്ള ബി.ജെ.പി സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന ഓഫിസ് സെക്രട്ടറി ജി.ഗിരീഷ് എന്നിവര്‍ ഹാജരാകുമെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടില്ല.
ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെയാണ് കൊടകരയില്‍ കുഴല്‍പ്പണ കവര്‍ച്ച നടന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണു പരാതി പൊലീസിനു ലഭിച്ചതെങ്കിലും ഇതുവരെ ഒരു കോടിയിലേറെ രൂപ കണ്ടെടുത്തിട്ടുണ്ട്.