ചെറുപ്പക്കാരെ സ്വാധീനിച്ച് ദളങ്ങളിലേക്ക് ചേര്‍ക്കുന്നത് ജനമധ്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യോജിച്ചതല്ല; യു.എ.പി.എ ചുമത്തിയ വിഷയത്തില്‍ പ്രതികരണവുമായി ഗണേശ് കെ.എന്‍
Kerala News
ചെറുപ്പക്കാരെ സ്വാധീനിച്ച് ദളങ്ങളിലേക്ക് ചേര്‍ക്കുന്നത് ജനമധ്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യോജിച്ചതല്ല; യു.എ.പി.എ ചുമത്തിയ വിഷയത്തില്‍ പ്രതികരണവുമായി ഗണേശ് കെ.എന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th November 2019, 3:40 pm

തിരുവനന്തപുരം: ചെറുപ്പക്കാരെ സ്വാധീനിച്ചു സ്വന്തം ദളങ്ങളിലേക്ക് ചേര്‍ക്കുന്നത് മധ്യകാല ഗൂഢ സംഘങ്ങള്‍ക്ക് ചേര്‍ന്നതാകാം എന്നാലത് സോഷ്യലിസത്തിനു വേണ്ടി ജനമധ്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യോജിച്ചതല്ലെന്ന് ചരിത്രകാരന്‍ ഗണേശ് കെ.എന്‍.

കോഴിക്കോട് മാവോയിസ്റ്റ് രേഖകളും കോഡും കണ്ടെടുത്തതിന്റെ പേരില്‍ യു.എ.പി.എ ചുമത്തി കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ചുകൊണ്ടായിരുന്നു ഗണേശ് കെ.എന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുപ്പു ദേവരാജും സി.പി ജലീലും മുതല്‍ അട്ടപ്പാടിയില്‍ വെടിവെപ്പില്‍ വീണവര്‍ വരെയുള്ള പോലീസ് ഭീകരതക്കെതിരായ ആക്രോശമുയര്‍ത്തുന്നവര്‍ എന്ത് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സമരത്തിന്റെ ഭാഗമായാണ്, ഏതു ആക്ഷന്റെ ഭാഗമായാണ് ഇവര്‍ കൊല്ലപ്പെട്ടത് എന്ന് വിശദീകരിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യു.എ.പി.എ ചുമത്തിയ നടപടിയില്‍ ഉയരുന്ന പ്രതിഷേധങ്ങളില്‍ പങ്കുചേരുന്നു. എന്നാല്‍ ഫേസ്ബുക്കിലും മറ്റും പ്രത്യക്ഷപ്പെടുന്ന ലിബറല്‍ വൈകാരികതകളോട് യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

കോഴിക്കോട് മാവോയിസ്‌റ് രേഖകളും കോഡും കണ്ടെടുത്തതിന്റെ പേരില്‍ യു എ പി എ ചുമത്തിക്കൊണ്ടുള്ള പോലീസുകാരുടെ നീക്കത്തോട് ഉയരുന്ന പ്രതിഷേധത്തില്‍ പങ്കു ചേരുന്നു. ലഘുലേഖകള്‍ കയ്യില്‍ വെക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും കൊണ്ടു മാത്രം ഒരാളെ അറസ്റ്റ് ചെയ്തു ജയിലില്‍ ഇടുന്നത് ജനാധിപത്യനീതിന്യായക്രമത്തിനു യോജിച്ചതല്ല.
അതേസമയം ഫേസ്ബുക്കിലും മറ്റും പ്രത്യക്ഷപ്പെടുന്ന ലിബറല്‍ വൈകാരികതയോട് വിയോജിപ്പ് പ്രകടിപ്പിക്കാനും ആഗ്രഹിക്കുന്നു.

ഈ പ്രതിഷേധത്തില്‍ പങ്കെടുക്കാനോ അവരുടെ നിലപാടുകള്‍ വ്യക്തമാക്കാമോ കൂട്ടാക്കാത്ത ഒരു വിഭാഗമുണ്ട് മാവോയിസ്റ്റുകള്‍ തന്നെയാണത്. കുപ്പു ദേവരാജും സി.പി ജലീലും മുതല്‍ അട്ടപ്പാടിയില്‍ വെടിവെപ്പില്‍ വീണവര്‍ വരെയുള്ള പോലീസ് ഭീകരതക്കെതിരായ ആക്രോശമുയര്‍ത്തുന്നവര്‍ എന്ത് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സമരത്തിന്റെ ഭാഗമായാണ് ഏതു ആക്ഷന്റെ ഭാഗമായാണ് ഇവര്‍ കൊല്ലപ്പെട്ടത് എന്ന് വിശദീകരിച്ചിട്ടില്ല.കാപ്പികുടിക്കുമ്പോള്‍ പോലീസ് വെടിവെച്ചതായാല്‍ അവര്‍ അവിടെ വന്നു ചെയ്യുകയായിരുന്നു എന്ന് വ്യക്തമല്ല വയനാട്ടിലെ റിസോര്‍ട് ആക്രമണം എന്തിനു വേണ്ടിയായിരുന്നു എന്ന് വിശദീകരിച്ചിട്ടില്ല. അലനും താഹയും ഉണ്ണിയുമെല്ലാം മാവോയിസ്റ്റ് പ്രവര്‍ത്തകരാണെകില്‍ അവര്‍ എന്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടിയിരുന്നതെന്നു വെളിപ്പെടുത്തപ്പെട്ടിട്ടില്ല.

ഭരണകൂടഭീകരതയെന്നു രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മറ്റും ഗര്‍ജിക്കുമ്പോള്‍ അവര്‌ദ്ദേശിക്കുന്നത് കേരളത്തിലെ ഇടതുപക്ഷഗവേണ്മെന്റിനെയാണ്. അവരുടെ ആക്രോശങ്ങളോടെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തുവരാനും അവര്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്തെന്നു സത്യസന്ധമായി തുറന്നു പറയാനും മാവോയിസ്റ്റുകള്‍ ബാധ്യസ്ഥരാണ്.

ഒരുകൂട്ടം ചെറുപ്പക്കാരെ രഹസ്യത്തില്‍ സ്വാധീനിച്ചു സ്വന്തം ദളങ്ങളില്‍ ചേര്‍ക്കുന്ന വിദ്യ മധ്യകാലഗൂഡസംഘങ്ങള്‍ക്ക് യോജിച്ചതാകാം. പക്ഷെ സോഷ്യലിസത്തിനും കമ്യൂണിസത്തിനും വേണ്ടി പരസ്യമായി നിലപാടെടുത്തു ജനമധ്യത്തില്‍ പ്രവര്‍ത്തിക്കേണ്ട സംഘടനകള്‍ക്ക് യോജിച്ചതല്ല
അത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ടുള്ള ആത്യന്തിക നേട്ടമുണ്ടാകുന്നത് ചെന്നിത്തലമാര്‍ക്കും ശ്രീധരന്‍പിള്ളമാര്‍ക്കുമാണ്.
അതിനൊരു തെളിവന്വേഷിക്കണമെങ്കില്‍ ആന്ധ്രയില്‍ കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ചത് ശ്രദ്ധിച്ചാല്‍ മതി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബംഗാളില്‍ സിംഗൂറിലെ സമരത്തിന് തുടക്കമിട്ടത് മാവോയിസ്റ്റുകളായിരുന്നു. അതിനെ ഉപയോഗിച്ച് അധികാരത്തില്‍ വന്നത് മമത ബാനെര്ജിയും. തുടര്‍ന്ന് കിഷന്ജിയടക്കമുള്ള മാവോയിസ്റ്റ് നേതാക്കള്‍ വെടിവെച്ചുകൊല്ലപ്പെടുകയും ചെയ്തു.ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിപ്ലവപ്രവര്‍ത്തനങ്ങളാണെന്നു കരുതാന്‍ പ്രയാസമുണ്ട്.