കോഴിക്കോട്: മുസ്‌ലിം എജ്യുക്കേഷണല്‍ സൊസൈറ്റി(എം.ഇ.എസ്)ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എം.സി.സി നേതാവ് പുത്തൂര്‍ റഹ്‌മാന്‍. വളാഞ്ചേരി എം.ഇ.എസ് കോളേജില്‍ ഒരു കുട്ടിയുടെ സീറ്റുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് മോശം അനുഭവമാണെന്ന് പുത്തൂര്‍ റഹ്‌മാന്‍ പറഞ്ഞു.
‘എം.ഇ.എസ് മേധാവികളേ..നിങ്ങള്‍ക്ക് ഒരല്‍ല്‍പം കനിവുണ്ടാവണം, ലേശം ചരിത്രബോധവും,’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് വിമര്‍ശനമുന്നയിച്ചത്. വളാഞ്ചേരി എം.ഇ.എസ് കോളേജില്‍ ഒരു ദരിദ്ര കുടുംബത്തിലെ കുട്ടിക്ക് ബി.കോമിന് സീറ്റിനായി വലിയ തുക ഡൊണേഷന് പുറമെ ഒരു വര്‍ഷത്തെ ഹോസ്റ്റല്‍ ഫീസടക്കം മറ്റു ഫീസുകളും ആവശ്യപ്പെട്ടെന്നാണ് പുത്തൂര്‍ റഹ്‌മാന്റെ ആരോപണം. ഡൊണേഷനില്‍ ഇളവുവരുത്താന്‍ ഫസല്‍ ഗഫൂറിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറയുന്നു.
എം.ഇ.എസിന്റെ ചരിത്രം പരിശോധിച്ചാല്‍ ഈ പ്രസ്ഥാനം തുടങ്ങിയത് തന്നെ ദരിദ്ര വിദ്യാര്‍ഥികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണെന്നും ഇപ്പോള്‍ ആ ലക്ഷ്യത്തില്‍ നിന്ന് മറി സഞ്ചരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘വയനാട് ജില്ലയില്‍ നിന്നുള്ള മിടുക്കിയായ ഒരു പെണ്‍കുട്ടിക്ക് വളാഞ്ചേരി എം.ഇ.എസ് കോളേജില്‍ ബി.കോമിനൊരു സീറ്റ് വേണം. അവളുടെ ആഗ്രഹം അറിഞ്ഞ ആരോ എന്റെ നമ്പര്‍ തപ്പിപ്പിടിച്ചു അവള്‍ക്ക് കൊടുത്തു. എന്നെക്കൊണ്ട് അവളെ സഹായിക്കാനാകുമെന്ന് കരുതി ആ പെണ്‍കുട്ടി എന്നെ വിളിച്ചു. നാട്ടില്‍ നിന്നും ഇങ്ങോട്ട് വിളിക്കുന്ന ഒരു ചെറുപ്പക്കാരിയല്ലേ, അവളുടെ പഠിക്കാനുള്ള താല്പര്യം മനസിലാക്കി എന്നെക്കൊണ്ടാവുന്ന സഹായം ചെയ്യമെന്ന് പറഞ്ഞു ഞാനവളുടെ സഹായാഭ്യര്‍ഥന സ്വീകരിച്ചു.
കുട്ടിക്ക് 94% മാര്‍ക്കുണ്ട്. അവള്‍ക്കൊരു ഒരു സീറ്റിനായി വലിയ പ്രയാസമുണ്ടാവില്ലെന്നു ഞാന്‍ കരുതിയെങ്കിലും എല്ലാ വാതിലിലും മുട്ടിയിട്ടും ഫലം കാണാനാവുന്നില്ല എന്ന അവസ്ഥ. എനിക്ക് പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ അനുഭവിക്കുന്ന ദുരവസ്ഥകള്‍ ഓര്‍ത്ത് ദുഖം തോന്നി. അവസാനം ആബിദ് ഉസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ ഇടപെടലിലൂടെ ഒരു സീറ്റു കിട്ടി. വളാഞ്ചേരി എം.ഇ.എസ് കോളേജില്‍ അഡ്മിഷനു ചെന്നപ്പോഴാണറിയുന്നത് 125000 രൂപ ഡോണേഷന്‍ കൊടുക്കണം. ഫീസ് കൊടുക്കാന്‍ കഴിയണമെങ്കില്‍ ആരുടെയെങ്കിലും സഹായം കിട്ടേണ്ടത്ര ദുര്‍ഗതിയുള്ള ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമാണവള്‍. അവള്‍ എന്നെ വിളിച്ചു സങ്കടപ്പെട്ടു. എങ്ങനെയായാലും അവളെ സഹായിക്കണമെന്നുള്ള ആഗ്രഹത്തോടെ ഞാന്‍ പലരുമായും ബന്ധപ്പെട്ടു.
എം.ഇ.എസ് പ്രസ്ഥാനത്തിന്റെ ഒരു മുന്‍ഭാരവാഹി എന്ന നിലയില്‍ വളാഞ്ചേരിയിലെ കോളേജ് പ്രിന്‍സിപ്പാളെയും ചെയര്‍മാനെയും വിളിച്ചു ഡൊണേഷന്‍ തുക കുറച്ചുതരാന്‍ അപേക്ഷിച്ചു നോക്കി. അപ്പോള്‍ ചെയര്‍മാന്റെ പ്രതികരണം ഇവിടെ സീറ്റില്ല, എല്ലാം ഫുള്‍ ആയല്ലോ എന്നായിരുന്നു. എന്നുവെച്ചാല്‍ ചോദിക്കുന്ന ഡൊണേഷന്‍ തരാന്‍ തയാറുള്ള ആളുകളുണ്ട്, താന്‍ വേറെ വഴി നോക്കെന്ന് തന്നെ അര്‍ത്ഥം.
എം.ഇ.എസിന്റെ യു.എ.ഇയിലെ ഭാരവാഹികളോട് അപേക്ഷിച്ചുനോക്കാമെന്ന് കരുതി അവരെയും ഞാന്‍ ബന്ധപ്പെട്ടു. ഫലമൊന്നുമുണ്ടായില്ല. എം.ഇ.എസ് പ്രസിഡന്റും ഞങ്ങളുടെയൊക്കെ സുഹൃത്തുമായ സാക്ഷാല്‍ ഫസല്‍ ഗഫൂറിനെയും വിളിച്ചു. ഒരാളും ഡൊണേഷന്‍ തുക ഒന്നു കുറച്ച് ആ പാവപ്പെട്ട പെണ്‍കുട്ടിയെ സഹായിക്കാന്‍ തയാറല്ല എന്ന് ബോധ്യപ്പെട്ടതു മാത്രം മിച്ചം.