സുധാകരന്റെ പ്രസ്താവന (അദ്ദേഹം ഓര്‍ക്കാതെയാണ് എന്ന് തീര്‍ച്ച) കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രത്തിന്റെ അടച്ചിട്ട 'ബി' നിലവറ തുറന്നു എന്നതാണ് നമ്മുടെ ശ്രദ്ധയിലേക്ക് വരേണ്ട കാര്യം
തങ്ങള്‍ വഹിക്കുന്ന സമുന്നത പദവികള്‍ക്ക് ചേര്‍ന്നതായില്ല കെ.പി.സി.സി. പ്രസിഡന്റ് സുധാകരന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രസ്താവനകള്‍ എന്ന വിമര്‍ശനം സൂക്ഷിച്ചു നോക്കിയാല്‍ ഒരു മധ്യവര്‍ഗ നിലപാടിന്റെ ബഹിസ്ഫുരണമമാണ്. ലെനിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കൂടി ചര്‍ച്ചകള്‍ വല്ലാതെ നീണ്ടു പോയപ്പോള്‍ ട്രോട്‌സ്‌കി പറഞ്ഞു: ഇനി നമ്മുടെ ചര്‍ച്ചകള്‍ തെരുവിലാണ്. കൊല്ലപ്പെടുന്ന ഓരോ വിപ്ലവകാരിക്കും പകരം അഞ്ച് പ്രതിവിപ്ലവകാരികളെ വക വരുത്തുക.
അന്നത്തെ പെട്രോഗ്രാഡിനെ മനസ്സിലാക്കിയവര്‍ക്കേ ട്രോട്‌സ്‌കി പറഞ്ഞതിനെ ഉള്‍ക്കൊള്ളാന്‍ കഴിയൂ. ‘സമുന്നത പദവി’ എന്നത് വര്‍ഗ രാഷ്ട്രീയം കയ്യൊഴിച്ചവരുടെയും അതെന്താണ് എന്ന് അറിയാത്തവരുടെയും വായ്ത്താരിയാണ്. ഇവിടെ കാര്യം അതല്ല, രണ്ടു പേരും ഫ്യൂഡല്‍ കുടിപ്പകയുടെ പഴഞ്ചന്‍ ശൈലി പുനരുജ്ജീവിപ്പിച്ചു ചരിത്രപരമായി പിന്നോട്ട് പോയി എന്നതാണ്. ആരെയാണ് വളഞ്ഞിട്ടു തല്ലിയത് എന്നതിലും ആരാണ് കുപ്പായമില്ലാതെ കോളേജിന് ചുറ്റും ഓടിയത് എന്നതിലും കേരള ചരിത്രത്തിന് ഒരു താല്പര്യവുമില്ല.
അന്നത്തെ പ്രമുഖ വിദ്യാര്‍ത്ഥി സംഘടനകളായ കെ.എസ്.യുവിന്റെയും കെ.എസ്.എഫിന്റെയും രാഷ്ട്രീയ നിലപാടുകളും സമരങ്ങളും കേരളീയ വിദ്യാര്‍ത്ഥി സമൂഹത്തിലുണ്ടാക്കിയ ചലനങ്ങളിലാണ് കേരള ചരിത്രത്തിന്റെ അടരുകള്‍. സുധാകരന്റെ പ്രസ്താവന (അദ്ദേഹം ഓര്‍ക്കാതെയാണ് എന്ന് തീര്‍ച്ച) കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രത്തിന്റെ അടച്ചിട്ട ‘ബി’ നിലവറ തുറന്നു എന്നതാണ് നമ്മുടെ ശ്രദ്ധയിലേക്ക് വരേണ്ട കാര്യം.
കെ. സുധാകരന്‍
അനാദികാലം മുതല്‍ കമ്മ്യൂണിസ്റ്റുകാര്‍ അക്രമികളും കോണ്‍ഗ്രസ്സുകാര്‍ ഇരകളും എന്ന (മാധ്യമസഹായത്തോടെ) കുറെ കാലമായി നിര്‍മിച്ചു കൊണ്ടിരിക്കുന്ന മിത്തിനെയാണ് സുധാകരന്‍ തകര്‍ത്തത്. വളഞ്ഞിട്ടു തല്ലി എന്ന് അഭിമുഖത്തില്‍ പറഞ്ഞിട്ടില്ല എന്നല്ലാതെ വളഞ്ഞിട്ടു തല്ലിയിട്ടില്ല എന്ന് സുധാകരന്‍ പറഞ്ഞില്ല എന്നത് ശ്രദ്ധിക്കുക.
പഴയ തലമുറയുടെ ഓര്‍മയില്‍ കുത്തിയൊലിച്ചു വരുന്നത് അടിയന്തിരാവസ്ഥ മാത്രമല്ല. അടിയന്തിരാവസ്ഥ തീര്‍ച്ചയായും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത പേടിസ്വപ്നമാണ്. ഈച്ചരവാര്യരുടെ മകന്‍ രാജന്‍ അടക്കം പൊലീസ് കസ്റ്റഡിയില്‍ കാണാതായ മൂന്ന് ഡസനോളം പേര് മാത്രമല്ല, ജയിലില്‍ നിന്ന് ജീവച്ഛവങ്ങളായി പുറത്ത് വന്ന ആയിരങ്ങള്‍ വേറെയുമുണ്ടായിരുന്നു.
വ്യക്തിവൈരാഗ്യമുള്ള ഏതു സി.പി.ഐ.എം പ്രവര്‍ത്തകനെയും ഒരു സാദാ ഛോട്ടാ നേതാവിന്റെ ഫോണ്‍ മതിയായിരുന്നു പിടിച്ചകത്തിടാന്‍. നക്‌സലൈറ്റ് എന്ന് സംശയിക്കുന്നവരുടെ കാര്യം പറയുകയും വേണ്ട (നെരൂദയുടെ കവിത വിവര്‍ത്തനം ചെയ്യുക പോലുള്ള രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം ചെയ്ത ചിലരും കൂട്ടത്തില്‍ ഉണ്ടായിരുന്നു). അടിയന്തിരാവസ്ഥയിലോ അതിനു തൊട്ടു മുന്‍പോ പിണറായി വിജയനെ തന്നെ അങ്ങനെ തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ കയറ്റിയിട്ടുണ്ട്.
അടിയന്തിരാവസ്ഥക്ക് മുന്‍പായാലും പിന്‍പായാലും കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഭീകരന്‍ കെ. കരുണാകരന്‍ ആയിരിക്കും. രാഷ്ട്രീയ പ്രതിയോഗികളെയും വിമര്‍ശകരെയും കരുണാകരന്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും പൊലീസിനെയും ഉപയോഗിച്ച് കൈകാര്യം ചെയ്തതിന് സമാനതകളില്ല. നവാബ് രാജേന്ദ്രന്‍ എന്ന ഒരൊറ്റ ആക്റ്റിവിസ്റ്റിന് ഏല്‍ക്കേണ്ടി വന്ന പീഡനങ്ങള്‍ തന്നെ ഒരു വലിയ പുസ്തകം എഴുതാന്‍ മാത്രമുണ്ട്.
നവാബ് രാജേന്ദ്രന്‍
അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ പോലീസ് ഉദ്യോഗസ്ഥരുടെ വലിയൊരു സംഘം തന്നെയുണ്ടായിരുന്നു. അവരില്‍ ചിലര്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. മലയാള മാസം ഒന്നാം തീയതി ഗുരുവായൂര്‍ അമ്പലത്തില്‍ തൊഴാന്‍ വരുന്നതടക്കമുള്ള ‘ദ്രുതയാത്ര’കളില്‍ അദ്ദേഹം സഞ്ചരിച്ച കാറിടിച്ചു രണ്ടു ഡസനോളം പേര്‍ മരിച്ചിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അറബിക്കഥ കേള്‍ക്കുന്ന പോലെയേ ഇന്ന് തോന്നൂ.
പക്ഷെ 1970-90 കാലത്തെ പത്രത്താളുകള്‍ തെരഞ്ഞാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ വാര്‍ത്തകള്‍ കിട്ടും. സ്പീഡ് പോരാ എന്ന് തോന്നിയാല്‍ അദ്ദേഹം പിറകില്‍ ചാരിയിരുന്നു ഡ്രൈവറുടെ പിരടിക്ക് ചവിട്ടുമായിരുന്നു എന്നൊരു ഐതിഹ്യമുണ്ട്. ഇന്ദിരാഗാന്ധിയുടെ വധത്തിനു ശേഷം ദില്ലിയില്‍ മാത്രമല്ല കേരളത്തിലും സിഖുകാര്‍ക്കെതിരെ അക്രമം ഉണ്ടായിരുന്നു. കോര്‍ട്ട് റോഡിലെ വീറ്റ് ഹൌസില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന രണ്ടു സര്‍ദാര്‍ജിമാരുടെ നേരെ കോണ്‍ഗ്രസ്സുകാര്‍ നടത്തിയ ആക്രമണം എന്റെ തലമുറയിലുള്ള കോഴിക്കോട്ടുകാര്‍ ഓര്‍ക്കും.
കെ. കരുണാകരന്‍
ബി നിലവറയുടെ ഉള്ളറയിലേക്ക് ഇറങ്ങിയാല്‍ കാണാം: നാല്പതുകളിലും അമ്പതുകളിലും കോണ്‍ഗ്രസ് നേതാക്കളും വന്‍കിട ജന്മികളും മലബാര്‍ സ്പെഷ്യല്‍ പൊലീസിന്റെയും ലോക്കല്‍ പൊലീസിന്റെയും സഹായത്തോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ എണ്ണമറ്റ മര്‍ദന പരമ്പരകളും രാഷ്ട്രീയ കൊലപാതകങ്ങളും. കെ. മാധവന്റെ ‘ഒരു ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റിന്റെ ഓര്‍മക’ളില്‍ ഇതെല്ലാം വിസ്തരിച്ചു തന്നെ വിവരിച്ചിട്ടുണ്ട്.
1948 മെയ് 11ന് എടക്കാട് സ്റ്റേഷനില്‍ വണ്ടിയിറങ്ങി നടന്നു പോകുകയായിരുന്ന മൊയാരത്ത് ശങ്കരന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ കോണ്‍ഗ്രസ്സുകാര്‍ പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചു. കസ്റ്റഡിയില്‍ വെച്ച് പോലീസുകാര്‍ കൈകാര്യം ചെയ്തു കൊന്ന മൊയാരത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കാതെ പോലീസ് തന്നെ സംസ്‌കരിച്ചു. ശുദ്ധഗാന്ധിയനും രാഷ്ട്രീയത്തില്‍ എന്ന പോലെ സാഹിത്യമീമാംസയിലും കമ്മ്യൂണിസ്റ്റ് വിരുദ്ധ പക്ഷക്കാരനുമായിരുന്ന കുട്ടിക്കൃഷ്ണമാരാര്‍ മൊയാരത്തിന്റെ മരണത്തെ തുടര്‍ന്ന് അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് നടത്തിയ ധാര്‍ഷ്ട്യം നിറഞ്ഞ പ്രസ്താവനയെ അപലപിച്ചുകൊണ്ട് പിന്നീട് എഴുതി (‘രാസനിഷ്പത്തി: ഭാവശില്പം’, ‘കൈവിളക്ക്’, തൃശൂര്‍, കറന്റ് ബുക്‌സ്, 1955 ).
മൊയാരത്ത് ശങ്കരന്‍
കെ. കേളപ്പനായിരുന്നു അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ്. നാല് വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസ് വിട്ട കെ. കേളപ്പന്‍ പല തിരിവുകളിലൂടെ മലപ്പുറം ജില്ലാ വിരുദ്ധ സമരവുമായി സഹകരിച്ചു സംഘിപാളയത്തില്‍ (അന്ന് ‘സംഘി’ എന്ന വാക്കില്ല. ഉള്ളത് ജനസംഘം എന്ന പാര്‍ട്ടിയും ആര്‍.എസ്.എസ്. എന്ന കാഡര്‍ സംഘടനയും) ജീവിതം അവസാനിപ്പിച്ചു.
പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പോയെങ്കിലും രക്തദാഹം സജീവമാണ്. സുധാകരന്റെ വീഡിയോകളുടെ താഴെ വന്ന കമന്റുകള്‍ ഇത് സംശയലേശമില്ലാതെ സൂചിപ്പിക്കുന്നു. കത്തിയുമായി സ്റ്റേജില്‍ കയറിയ ഫ്രാന്‍സിസിന് ഉന്നം പിഴക്കാതിരുന്നെകില്‍ എന്നായിരുന്നു ഒരു കമന്റ്! ഫ്രാന്‍സിസുമാര്‍ക്ക് ഉന്നം തെറ്റാത്ത കാലം ഒരു പാട് പേര്‍ സ്വപ്നം കാണുന്നുണ്ടാകും.
(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)
അധ്യാപകന്‍, എഴുത്തുകാരന്‍, വിവര്‍ത്തകന്‍.
മലയാളം, തമിഴ്, ഹിന്ദി, ഗുജറാത്തി, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ക്കിടയില്‍ വിവര്‍ത്തനം നടത്തിയിട്ടുണ്ട്. ആനന്ദിന്റെ 'മരുഭൂമികള്‍ ഉണ്ടാകുന്നത്', കദീജ മുംതാസിന്റെ 'ബര്‍സ' എന്നീ നോവലുകള്‍ ഉള്‍പ്പെടെ കഥാസാഹിത്യത്തിലും കവിതയിലും നാടകത്തിലുമായി വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ആന്‍ ഫ്രാന്‍കിന്റെ ആള്‍മാറാട്ടങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ ലേഖനസമാഹാരങ്ങള്‍ ഓഡിയോബുക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'എഴുത്തും പൊളിച്ചെഴുത്തും' എന്ന മറ്റൊരു ലേഖനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അദ്ധ്യാപകന്‍.