ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണം; കെ.എം ഷാജിയുടെ ഹരജി ഇന്ന് പരിഗണിക്കും
Kerala News
ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണം; കെ.എം ഷാജിയുടെ ഹരജി ഇന്ന് പരിഗണിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th November 2018, 7:37 am

ന്യൂദല്‍ഹി: എം.എല്‍.എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ.കെ. സിക്രി, എം.ആര്‍ ഷാ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി വര്‍ഗ്ഗീയ പ്രചാരണം നടത്തിയെന്ന് കണ്ടെത്തിയാണ് കെ.എം ഷാജിയെ എം.എല്‍.എ സ്ഥാനത്ത് നിന്ന് ഹൈക്കോടതി അയോഗ്യനാക്കിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി നികേഷ്‌കുമാറാണ് ഷാജി വര്‍ഗ്ഗീയ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ആറ് വര്‍ഷത്തേക്കാണ് ഹൈക്കോടതി ഷാജിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read Also : ഇന്ത്യന്‍ ഭരണഘടന എഴുതിയത് ഇവര്‍ കൂടിയാണ്; ഭരണഘടനാ നിര്‍മ്മാണ സഭയിലെ മലയാളി വനിതകള്‍

ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നുമാണ് കെ.എം. ഷാജിയുടെ ആവശ്യം.

നവംബര്‍ ഒന്‍പാതാം തീയതിയാണ് അഴീക്കോട് എം.എല്‍എ കെ.എം.ഷാജിയുടെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്. അയോഗ്യനാക്കിക്കൊണ്ടുള്ള കോടതി വിധിക്ക് സുപ്രീം കോടതി സ്റ്റേ    നല്‍കുകയാണെങ്കില്‍ നിയന്ത്രണങ്ങളോടെ കെ.എം. ഷാജിക്ക് ഈ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാവും അല്ലെങ്കില്‍ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി നല്‍കണം.