ന്യൂദല്‍ഹി: അന്തരിച്ച കേരള കോണ്‍ഗ്രസ് എം. നേതാവ് കെ.എം. മാണി അഴിമതിക്കാരനായിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ ഇക്കാര്യം പറഞ്ഞത്.
അഴിമതിക്കാരനെതിരെയാണ് എം.എല്‍.എമാര്‍ സഭയില്‍ പ്രതിഷേധിച്ചതെന്ന് സര്‍ക്കാര്‍ വാദിച്ചു.
കെ.എം. മാണി അഴിമതിക്കാരനായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ബജറ്റവതരണം എം.എല്‍.എമാര്‍ തടസ്സപ്പെടുത്തിയതെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്.
ഇതിന്റെ പേരില്‍ നിയമസഭ തന്നെ എം.എല്‍.എമാര്‍ക്ക് ശിക്ഷാനടപടികള്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരമുള്ള കേസുകള്‍ മറ്റും ആവശ്യമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.
എന്നാല്‍ എം.എല്‍.എമാര്‍ നടത്തിയ അക്രമസംഭവങ്ങളെ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
ഒരു നിയമസഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ് ധനബില്‍ അവതരണവുമായി ബന്ധപ്പെട്ട നടപടികള്‍. ആ അവതരണമാണ് ഈ എം.എല്‍.എമാര്‍ തടസ്സപ്പെടുത്തിയതെന്നും അതിനെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്ത് സന്ദേശമാണ് ഇതിലൂടെ എം.എല്‍.എമാര്‍ പൊതുസമൂഹത്തിന് നല്‍കിയതെന്ന് ബെഞ്ചിലെ മറ്റൊരു അംഗമായ എം.ആര്‍. ഷാ ആരാഞ്ഞു.
സര്‍ക്കാരിന്റെ നിലപാടിനോട് ശക്തമായ വിയോജിപ്പാണ് സുപ്രീംകോടതി രേഖപ്പെടുത്തിയത്. ഒരു പബ്ലിക് പ്രോസിക്യൂട്ടറിന് മാത്രമാണ് ഈ കേസ് പിന്‍വലിക്കാനുള്ള അധികാരമുള്ളത്. സംസ്ഥാന സര്‍ക്കാരിന് അതിനുള്ള അധികാരമില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.