ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 245 റണ്‍സാണ് നേടിയത്. സൂപ്പര്‍ താരം കെ.എല്‍. രാഹുലിന്റെ സെഞ്ച്വറിയാണ് ഇന്ത്യക്ക് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ടീം സ്‌കോര്‍ 13ല്‍ നില്‍ക്കവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായിരുന്നു. 14 പന്തില്‍ അഞ്ച് റണ്‍സ് നേടി നില്‍ക്കവെ കഗീസോ റബാദയാണ് ഇന്ത്യന്‍ നായകനെ മടക്കിയത്.
23ല്‍ നില്‍ക്കെ യശസ്വി ജെയ്സ്വാളും 24ല്‍ നില്‍ക്കവെ ശുഭ്മന്‍ ഗില്ലും മടങ്ങി. 37 പന്തില്‍ 17 റണ്‍സ് നേടി ജെയ്സ്വാള്‍ പുറത്തായപ്പോള്‍ 12 പന്തില്‍ രണ്ട് റണ്‍സാണ് ഗില്‍ നേടിയത്. അരങ്ങേറ്റക്കാരന്‍ നാന്ദ്രേ ബര്‍ഗറാണ് ഇരുവരെയും പുറത്താക്കിയത്.
50 പന്തില്‍ 31 റണ്‍സ് നേടിയ ശ്രേയസ് അയ്യരും 64 പന്തില്‍ 38 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ടത്. എന്നാല്‍ ടീം സ്‌കോര്‍ 92ല്‍ നില്‍ക്കവെ അയ്യരിന് പകരക്കാരനായി ക്രീസിലെത്തിയ കെ.എല്‍. രാഹുലാണ് ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്.
അവസരത്തിനൊത്ത് ബാറ്റ് വീശിയ രാഹുല്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. ഷര്‍ദുല്‍ താക്കൂര്‍ അടക്കം ശേഷിക്കുന്ന ഓരോ താരങ്ങളെയും ഒപ്പം കൂട്ടി രാഹുല്‍ സ്‌കോര്‍ ഉയര്‍ത്തി. താക്കൂറിനൊപ്പം കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ വെറ്ററന്‍ സൂപ്പര്‍ താരം അശ്വിന്‍ അടക്കമുള്ളവരെ ഒരറ്റത്ത് നിര്‍ത്തി രാഹുല്‍ മറുവശത്ത് നിന്നും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടേയിരുന്നു.
ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ 70 റണ്‍സ് നേടിയ രാഹുല്‍ രണ്ടാം ദിനം സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. 137 പന്തില്‍ നിന്നും 101 റണ്‍സാണ് ഇന്ത്യയുടെ ക്രൈസിസ് മാന്‍ നേടിയത്. എവേ ഗ്രൗണ്ടില്‍ രാഹുലിന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറിയാണിത്.
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും രാഹുലിനെ തേടിയെത്തിയിരുന്നു. സേന രാജ്യങ്ങളില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന രണ്ടാമത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടമാണ് രാഹുല്‍ നേടിയത്. റിഷബ് പന്താണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍.
സൗത്ത് ആഫ്രിക്കന്‍ മണ്ണിലെ ആദ്യ പരമ്പര എന്ന നേട്ടമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. ഇതിന് മുമ്പ് എട്ട് തവണ ഇന്ത്യ പ്രോട്ടിയാസ് മണ്ണില്‍ പര്യടനത്തിനെത്തിയപ്പോള്‍ ഏഴിലും തോല്‍വിയായിരുന്നു ഫലം. ഒരു തവണ പരമ്പര സമനിലയിലും പിരിഞ്ഞു.
ആദ്യ ഇന്നിങ്‌സില്‍ സൂപ്പര്‍ പേസര്‍ കഗീസോ റബാദ അഞ്ച് വിക്കറ്റ് നേടി. അരങ്ങേറ്റക്കാരന്‍ നാന്ദ്രേ ബര്‍ഗര്‍ മൂന്ന വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍കോ യാന്‍സെനും ജെറാള്‍ഡ് കോട്‌സിയും ഓരോ വിക്കറ്റും നേടി.
അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച സൗത്ത് ആഫ്രിക്കക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. അഞ്ച് റണ്‍സ് നേടിയ ഏയ്ഡന്‍ മര്‍ക്രമിന്റെ വിക്കറ്റാണ് പ്രോട്ടിയാസിന് നഷ്ടമായത്.
നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ 19 റണ്‍സിന് ഒന്ന് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. എട്ട് പന്തില്‍ നാല് റണ്‍സുമായി ടോണി ഡി സോര്‍സിയും 13 പന്തില്‍ എട്ട് റണ്‍സുമായി ഡീന്‍ എല്‍ഗറുമാണ് ക്രീസില്‍.
Content highlight: KL Rahul becomes the 2nd Indian wicket keeper batter to score a century in SENA countries