ഇന്ത്യക്കെതിരെയുള്ള ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വമ്പൻ വിജയമാണ് ഓസീസ് ടീം സ്വന്തമാക്കിയത്. ഇതോടെ ഒരു മത്സരം ശേഷിക്കുന്ന പരമ്പരയിൽ കിരീടം കൈവിട്ട് പോകാതിരിക്കാൻ ഓസീസ് ടീമിന് അവസരമൊരുങ്ങി.
മൂന്നാം ടെസ്റ്റിൽ ടോസ് ലഭിച്ച ഇന്ത്യൻ ടീമിനെ ആദ്യ ഇന്നിങ്സിൽ 109 റൺസിന് പുറത്താക്കാൻ ഓസീസിന് സാധിച്ചിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്കും 197 എന്ന ചെറിയ സ്കോറിൽ ആദ്യ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു.
തുടർന്ന് മത്സരം സമനിലയിലേക്കെങ്കിലുമെത്തിക്കാൻ രണ്ടാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ വേണ്ടിയിരുന്ന ഇന്ത്യൻ ടീം വെറും 163 റൺസിന് പുറത്തായതോടെയാണ് ഓസീസ് വിജയം അനായാസമായത്.
76 റൺസ് എന്ന വിജയ ലക്ഷ്യവുമായിറങ്ങിയ ഓസ്ട്രേലിയ വെറും ഒരു വിക്കറ്റിൽ ലക്ഷ്യം മറികടന്ന് പരമ്പരയിൽ നിർണായകമായ ജയം സ്വന്തമാക്കുകയായിരുന്നു.
49 റൺസെടുത്ത് പുറത്താകാതെ നിന്ന ട്രാവിസ് ഹെഡ്, 28 റൺസെടുത്ത് പുറത്താകാതെ നിന്ന മാർനസ് ലബുഷേങ് എന്നിവരുടെ മികവിലാണ് മൂന്നാം ടെസ്റ്റ് ഓസീസ് വിജയിച്ചത്.
എന്നാലിപ്പോൾ ഏറെ നിർണായകമായ നാലാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ കെ.എൽ. രാഹുലും ശുഭ്മാൻ ഗില്ലും കളിക്കണം എന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് ഇതിഹാസ താരമായ റിക്കി പോണ്ടിങ്ങ്.
ആദ്യ രണ്ട് ടെസ്റ്റ് മത്സരത്തിലും കളിച്ചിരുന്നു രാഹുലിനെ മോശം പ്രകടനത്തെത്തുടർന്ന് ഇൻഡോറിലെ മൂന്നാം ടെസ്റ്റിൽ ഒഴിവാക്കി ശുഭ്മാൻ ഗില്ലിനെ ടീമിലെടുക്കുകയായിരുന്നു. എന്നാൽ മൂന്നാം ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി വെറും 27 റൺസ് മാത്രമെടുക്കാനെ ഗില്ലിന് സാധിച്ചുള്ളൂ.
ഇതോടെയാണ് പരമ്പരയിലെ നാലാം ടെസ്റ്റിന് മുമ്പ് ഇരു താരങ്ങളെയും ഇന്ത്യൻ ടീം അവരുടെ സ്‌ക്വാഡിൽ ഉൾപ്പെടുത്തണമെന്ന് പോണ്ടിങ്ങ് അഭിപ്രായപ്പെട്ടത്.
“അവർ രണ്ട് പേരും ടെസ്റ്റിൽ മികവോടെ കളിക്കുന്ന താരങ്ങളാണ്. അത് കൊണ്ട് തന്നെ രാഹുലിനെയും ഗില്ലിനെയും ഒരു ടീമിൽ തന്നെ ഉൾപ്പെടുത്തണം,’ ഗിൽ പറഞ്ഞു.
“ഗില്ലിനെ ഇന്ത്യക്ക് ഓപ്പണറാക്കി ഇറക്കാവുന്നതാണ്. രാഹുലിനെ താഴെയുള്ള ഏതെങ്കിലും പൊസിഷനിലും കളിപ്പിക്കാം,’ പോണ്ടിങ്ങ് കൂട്ടിച്ചേർത്തു.
അതേസമയം മൂന്നാം ടെസ്റ്റ് പരാജയപ്പെട്ടതോടെ പരമ്പരയിലെ അവസാന മത്സരം വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ എന്തെങ്കിലും സാധ്യതയുള്ളൂ.