കോഴിക്കോട്: ആര്‍.എം.പി നേതാവും വടകര എം.എല്‍.എയുമായ കെ.കെ. രമയ്ക്ക് വധഭീഷണി. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ ഭരണം പോകുമെന്നൊന്നും നോക്കില്ല ‘തീരുമാനം’ എടുത്തുകളയുമെന്നാണ് ഭീഷണിക്കത്തിലുള്ളത്.
പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലാണ് രമക്ക് കത്ത് ലഭിച്ചത്. എം.എല്‍.എ ഹോസ്റ്റല്‍ അഡ്രസ്സിലേക്കാണ് ഭീഷണിക്കത്ത് വന്നത്. തെളിവടക്കം ഡി.ജി.പിക്ക് കെ.കെ. രമ പരാതി നല്‍കി.
കെ.കെ. രമയുടെ പിതാവിനും കഴിഞ്ഞ ദിവസം ഇതേ രീതിയിലുള്ള ഭീഷണിക്കത്ത് വന്നതായാണ് വിവരം.
അതേസമയം, കെ.കെ. രമക്കെതിരായി നിയമസഭയില്‍ നടത്തിയ പരാമര്‍ശം എം.എല്‍.എ എം.എം. മണി പിന്‍വലിച്ചിരുന്നു. വിവാദ പരാമര്‍ശത്തില്‍ സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എം.എം. മണി പരാമര്‍ശം പിന്‍വലിച്ചത്.
‘താന്‍ മറ്റൊരു ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല അത്. എന്നാല്‍ തന്റെ പരാമര്‍ശം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ വിധി എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു’. അതുകൊണ്ട് വിവാദ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് എം.എം. മണി സഭയില്‍ പറഞ്ഞു.
എം.എം. മണി നടത്തിയ പരാമര്‍ശം അനുചിതമായിരുന്നെന്നും അതില്‍ തെറ്റായ രാഷ്ട്രീയം ഉള്‍ചേര്‍ന്നിട്ടുണ്ടെന്നും സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞിരുന്നു, ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് എം.എം. മണി പരാമര്‍ശം പിന്‍വലിച്ചത്.
പുതിയ കാലത്ത് വാക്കുകളുടെ അര്‍ത്ഥവും സാമൂഹിക സാഹചര്യവുമൊക്കെ മാറിയിട്ടുണ്ട്. അത് അംഗങ്ങള്‍ മനസിലാക്കി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് പരിഗണന നല്‍കണമെന്നും, പ്രത്യക്ഷത്തില്‍ അണ്‍പാല്‍ലമെന്ററി അല്ലെങ്കിലും അനുചിതമായ വാക്കുകള്‍ ഇടപെട്ട് രേഖയില്‍ നിന്ന് നീക്കം ചെയ്യുമെന്നും എം.ബി. രാജേഷ് സഭയില്‍ പറഞ്ഞു.
‘ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’ എന്നായിരുന്നു എം.എം മണി കെ.കെ. രമക്കെതിരെ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.
സംഭവം പ്രതിപക്ഷം വലിയ രീതിയില്‍ വിവാദമാക്കിയിരുന്നു. ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതോടെയാണ് കെ.കെ. രമക്കെതിരെ എം.എം മണി വിദ്വേഷ പ്രസംഗം നടത്തിയത്.