കെ.കെ രമയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ തല വെട്ടിമാറ്റിയ നിലയില്‍
Kerala
കെ.കെ രമയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ തല വെട്ടിമാറ്റിയ നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th April 2021, 10:02 am

വടകര: വടകരയില്‍ യു.ഡി.എഫ് പിന്തുണയോടെ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.കെ.രമയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ തല വെട്ടിമാറ്റിയ നിലയില്‍.

വടകരയിലെ തുരുത്തി മുക്ക്, നെല്ല്യാച്ചേരി എന്നിവിടങ്ങളിലാണ് ബോര്‍ഡുകളിലെ ഫോട്ടോകള്‍ വികൃതമാക്കിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ആര്‍.എം.പി അറിയിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പും ചിലയിടങ്ങളില്‍ സമാനമായ രീതിയില്‍ പോസ്റ്ററുകള്‍ വികൃതമാക്കിയിരുന്നു. ഇത് സംബന്ധിച്ച് ചോമ്പാല പൊലീസില്‍ പരാതി നല്‍കുമെന്ന് ആര്‍.എം.പി അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും വലിയ പിന്തുണ നല്‍കിയെന്നും എന്നാല്‍ യു.ഡി.എഫിന്റെ ഭാഗമാകാന്‍ ആര്‍.എം.പി ഇല്ലെന്നും കഴിഞ്ഞ ദിവസം കെ.കെ രമ പറഞ്ഞിരുന്നു.

വടകരയില്‍ സി.പി.ഐ.എം വോട്ടുകള്‍ പോലും ആര്‍.എം.പിക്ക് ലഭിച്ചെന്നും പിണറായി വിജയനെന്ന ഏകാധിപതിക്കെതിരായ വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നതെന്നും കെ. കെ രമ പറഞ്ഞിരുന്നു.

പിണറായിയെ പോലൊരു ഏകാധിപതിയെ അല്ല കേരളത്തിന് ആവശ്യം. ടി.പിക്കു പൂര്‍ത്തീകരിക്കാന്‍ പറ്റാതെ പോയ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ചാകും ഇനി പോരാട്ടം. ഞങ്ങള്‍ സംസ്ഥാന രാഷ്ട്രീയവും വടകരയുടെ വികസനവും ചര്‍ച്ച ചെയ്തപ്പോള്‍ ജനങ്ങള്‍ കൊലപാതക രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്തത്. അതില്‍ കൂടുതലും സ്ത്രീ വോട്ടര്‍മാരായിരുന്നു. അവരുടെ മനസ്സിലത് കെടാതെ കിടക്കുന്നുണ്ട്. അഭിപ്രായം പറയാന്‍ ആര്‍ക്കും കഴിയണം. പക്ഷേ അതിന്റെ പേരില്‍ ഇനി ഒരു ജീവന്‍ ഇവിടെ നഷ്ടമാകരുത് എന്നായിരുന്നു ജനങ്ങളുടെ മനസ്സെന്ന് രമ പറഞ്ഞിരുന്നു.

വടകരയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ആര്‍.എം.പിക്ക് കഴിഞ്ഞിട്ടുണ്ടെന്നും സി.പി.ഐ.എം മണ്ഡലത്തില്‍ എത്ര ശക്തമായ പ്രചരണം നടത്തിയിട്ടും കാര്യമില്ലെന്നും രമ പറഞ്ഞിരുന്നു. മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഒരു ഉറച്ച തീരുമാനമെടുത്ത് കഴിഞ്ഞതാണെന്നും അത് അവര്‍ ബാലറ്റ് പേപ്പറില്‍ കാണിച്ചു എന്നതാണ് അവസാനത്തെ കണക്കില്‍ മനസ്സിലാക്കാന്‍ കഴിയുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: KK Rema Poster Distroyed