കോഴിക്കോട്: വേദനയുടെ ഒന്നാം വര്‍ഷത്തില്‍ ജിഷ്ണുവിന്റെ അമ്മയ്ക്ക് സാന്ത്വനവുമായി ആര്‍.എം.പി നേതാവ് കെ.കെ രമ. ജിഷ്ണുവിന്റെ അമ്മയെ സന്ദര്‍ശിച്ച രമ നീതിയ്ക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തെ വിജയം വരെയും പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. അവരുടെ പോരാട്ടത്തിന് ഒപ്പം നില്‍ക്കണമെന്ന് ഫേസ്ബുക്കിലൂടെ അവര്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.
ജിഷ്ണു കേസില്‍ പൊലീസിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും ഇടപെടലുകളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് രമ മഹിജയ്ക്ക് പിന്തുണ അറിയിക്കുന്നത്. “പോലീസും ഭരണക്കാരുമെല്ലാം കൊലയാളികളുടെ പിണയാളുകളായി തീര്‍ന്നപ്പോള്‍ നീതിയുടെ നിര്‍ദ്ദയമായ കൊലയ്ക്ക് കൂടിയാണ് പോയവര്‍ഷം സാക്ഷ്യം വഹിക്കേണ്ടി വന്നത്” അവര്‍ കുറിക്കുന്നു.
ഭരണാധികാര രാഷ്ട്രീയവും ഇടിമുറിമാഫിയകളും തമ്മിലുള്ള അഭേദ്യവും അപമാനകരവുമായ അടുപ്പം തന്നെയാണ് ജിഷ്ണു കേസ് കൃത്യമായും കേരളത്തിന് മുന്നില്‍ തെളിയിച്ചതെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
സംസ്ഥാന പോലീസ് മാസങ്ങളെടുത്തന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതിരുന്ന കൊലയാളികള്‍ മഹിജ നടത്തിയ സമരത്തിനു പിന്നാലെ കീഴടങ്ങിയത് ഭരണപക്ഷത്തിന്റെ വിളിപ്പുറത്താണ് കൊലയാളികളുള്ളതെന്ന ആരോപണം ശരിവെക്കുന്നതാണെന്നും രമ നിരീക്ഷിക്കുന്നു. “സംസ്ഥാന പോലീസ് മാസങ്ങളെടുത്തന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതിരുന്ന കൊലയാളികള്‍ പക്ഷെ മഹിജയുടെ സമരം ഭരണക്കാര്‍ക്ക് പ്രതിസന്ധിയുണ്ടാക്കിയപ്പോള്‍ കീഴടങ്ങാന്‍ ക്യൂ നില്‍ക്കുന്നത് കണ്ട് നാട് അമ്പരന്നു പോയിട്ടുണ്ട്. ഭരണക്കാരുടെ വിളിപ്പുറത്താണ് കൊലയാളികളുള്ളതെന്ന ആരോപണങ്ങള്‍ എത്രമാത്രം വസ്തുതാപരമായിരുന്നുവെന്ന് തന്നെയാണ് ആ കീഴടങ്ങല്‍ നാടകം നാടിന് മുന്നില്‍ തെളിയിച്ചത്.” അവര്‍ വിശദീകരിക്കുന്നു.
സി.ബി.ഐ അന്വേഷണത്തിലൂടെ ജിഷ്ണുവിന് നീതികിട്ടുമെന്ന പ്രതീക്ഷയും രമ പങ്കുവെക്കുന്നുണ്ട്. “ജിഷ്ണുവിന്റെ ചോര നീതി തേടി കേന്ദ്ര അന്വേഷണ എജന്‍സിക്ക് മുന്നിലെത്തിയിരിക്കുന്നു. കൊലയാളികള്‍ക്ക് വേണ്ടി കേസിന്റെ അടിസ്ഥാനകാര്യങ്ങളില്‍ പോലീസ് നടത്തിയ അട്ടിമറികള്‍ ഈ കേസിന്റെ തുടര്‍നടത്തിപ്പുകളെ എങ്ങിനെ ബാധിക്കുമെന്ന് തീര്‍ച്ചയായും കേരളം ആശങ്കപ്പെടുന്നുണ്ട്. വൈകിയെങ്കിലും സി.ബി.ഐ അന്വേഷണത്തിലൂടെ ആ അമ്മയുടെ നെഞ്ചില്‍ കത്തിയാളുന്ന വേദനക്ക് ഒരല്‍പ്പമെങ്കിലും നീതി കിട്ടാനയെങ്കിലെന്ന് നാടാകെ തീവ്രമായി ആഗ്രഹിക്കുകയാണ്.” അവര്‍ പറയുന്നു.
കെ.കെ രമയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
ജിഷ്ണു വേദനയുടെയും രോഷത്തിന്റെയും കനലായി നാടിന്റെ ഓര്‍മ്മകളെ പൊള്ളിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്ന് പൂര്‍ത്തിയാവുന്നു.
പാമ്പാടി നെഹ്രു കോളജിലെ ഇടിമുറിയില്‍ ചതഞ്ഞു പൊലിഞ്ഞത് ഒരമ്മയും അച്ഛനും പത്തൊന്‍പത് വര്‍ഷങ്ങള്‍ തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്ത് വളര്‍ത്തിയ സര്‍വ്വ സ്വപ്നങ്ങളും കൂടിയാണ്.
അധികാര രാഷ്ട്രീയത്തെ കക്ഷിഭേദമെന്യേ വിലക്കെടുത്തതിന്റെ ഹുങ്കില്‍ സ്വാശ്രയ വിദ്യാഭ്യാസ മാഫിയ നമ്മുടെ കുഞ്ഞുങ്ങളുടെ നെഞ്ചിന് നേരെ കൊമ്പുകുലുക്കുന്നതിന്റെ നടുക്കുന്ന നേര്‍ചിത്രമാണ് ജിഷ്ണു പ്രണോയിയുടെ കൊലപാതകം നമുക്ക് മുന്നില്‍ തുറന്നിട്ടത്. പോലീസും ഭരണക്കാരുമെല്ലാം കൊലയാളികളുടെ പിണയാളുകളായി തീര്‍ന്നപ്പോള്‍ നീതിയുടെ നിര്‍ദ്ദയമായ കൊലയ്ക്ക് കൂടിയാണ് പോയവര്‍ഷം നമുക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്.
ഇളംചോര വീണ ഇടിമുറികള്‍ കഴുകിത്തുടയ്ക്കാനും, സര്‍വ്വ ഫോറന്‍സിക് തെളിവുകളും നശിപ്പിക്കാനും ജിഷ്ണുവിന്റെ കൊലയാളികള്‍ക്ക് രക്ഷപ്പെടാനുമെല്ലാം യഥേഷ്ടം സൗകര്യമൊരുക്കിയ പോലീസ് തന്നെ പക്ഷെ സംസ്ഥാന പോലീസ് മേധാവിയെ കണ്ട് പരാതി ബോധിപ്പിക്കാനെത്തിയ ജിഷ്ണുവിന്റെ അമ്മയെ തല്ലിവീഴ്ത്തി തെരുവിലൂടെ വലിച്ചിഴച്ച് തങ്ങളാരുടെ കാവല്‍പ്പടയാണെന്ന് ഒരിക്കല്‍കൂടി നിര്‍ലജ്ജം വ്യക്തമാക്കി.
സംസ്ഥാന പോലീസ് മാസങ്ങളെടുത്തന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതിരുന്ന കൊലയാളികള്‍ പക്ഷെ മഹിജയുടെ സമരം ഭരണക്കാര്‍ക്ക് പ്രതിസന്ധിയുണ്ടാക്കിയപ്പോള്‍ കീഴടങ്ങാന്‍ ക്യൂ നില്‍ക്കുന്നത് കണ്ട് നാട് അമ്പരന്നു പോയിട്ടുണ്ട്. ഭരണക്കാരുടെ വിളിപ്പുറത്താണ് കൊലയാളികളുള്ളതെന്ന ആരോപണങ്ങള്‍ എത്രമാത്രം വസ്തുതാപരമായിരുന്നുവെന്ന് തന്നെയാണ് ആ കീഴടങ്ങല്‍ നാടകം നാടിന് മുന്നില്‍ തെളിയിച്ചത്.
മുഖ്യമന്ത്രിയുടെ ചിത്രം വിഷുക്കണി കാട്ടിയ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൂടിയായ ഒരു വിദ്യാര്‍ത്ഥി സഖാവിന്റെ ചോരയ്ക്ക് നമ്മുടെ ഭരണത്തില്‍ ലഭിച്ച നീതിപരിഗണനകളുടെ ദയനീയത തീര്‍ച്ചയായും ഞെട്ടലുളവാക്കുന്നത് തന്നെയാണ്. ജിഷ്ണുവിന്റെ അമ്മയുടെ സമരത്തെ സഹായിക്കാനെത്തിയ പൊതുപ്രവര്‍ത്തകരെയാകെ ഭീകരവാദികളായി മുദ്രകുത്തി തുറുങ്കിലടച്ച് സമാനതകളില്ലാത്ത ഭരണകൂട ഭീകരതയാണ് അരങ്ങേറിയത്.
നമ്മുടെ ഭരണാധികാര രാഷ്ട്രീയവും ഇടിമുറിമാഫിയകളും തമ്മിലുള്ള അഭേദ്യവും അപമാനകരവുമായ അടുപ്പം തന്നെയാണ് ജിഷ്ണു കേസ് കൃത്യമായും കേരളത്തിന് മുന്നില്‍ തെളിയിച്ചിരിക്കുന്നത്.
ജിഷ്ണുവിന്റെ ചോരയില്‍ നിന്നും തീപ്പിടിച്ചു പടര്‍ന്ന തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ ആത്മാഭിമാനസമരത്തിലും വേട്ടക്കാരുടെ പക്ഷം ചേര്‍ന്ന സര്‍ക്കാര്‍ പാമ്പാടി ഒരൊറ്റപ്പെട്ട പിഴവല്ലെന്നും സുസംഘടിതമായ ഭരണ-മാഫിയാ വേഴ്ചയുടെ ഫലം തന്നെയാണെന്നും സ്വയം വെളിപ്പെടുത്തുക തന്നെയായിരുന്നു.
ജിഷ്ണുവിന്റെ ചോര നീതി തേടി കേന്ദ്ര അന്വേഷണ എജന്‍സിക്ക് മുന്നിലെത്തിയിരിക്കുന്നു. കൊലയാളികള്‍ക്ക് വേണ്ടി കേസിന്റെ അടിസ്ഥാനകാര്യങ്ങളില്‍ പോലീസ് നടത്തിയ അട്ടിമറികള്‍ ഈ കേസിന്റെ തുടര്‍നടത്തിപ്പുകളെ എങ്ങിനെ ബാധിക്കുമെന്ന് തീര്‍ച്ചയായും കേരളം ആശങ്കപ്പെടുന്നുണ്ട്. വൈകിയെങ്കിലും സി.ബി.ഐ അന്വേഷണത്തിലൂടെ ആ അമ്മയുടെ നെഞ്ചില്‍ കത്തിയാളുന്ന വേദനക്ക് ഒരല്‍പ്പമെങ്കിലും നീതി കിട്ടാനയെങ്കിലെന്ന് നാടാകെ തീവ്രമായി ആഗ്രഹിക്കുകയാണ്.
വേദനയുടെ ഒന്നാം വര്‍ഷത്തില്‍ നമുക്ക് ആ അമ്മയ്‌ക്കൊപ്പം നില്‍ക്കാം., നീതിക്ക് വേണ്ടിയുള്ള അവരുടെ പോരാട്ടത്തെ വിജയം വരേയും പിന്തുണയ്ക്കാം.,
ഓര്‍ക്കാം, ജിഷ്ണു നമ്മുടെ കൂടി മകനാണ്.