കൊച്ചി: എറണാകുളത്ത് 14 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് ട്വന്റി 20 ചെയര്‍മാന്‍ സാബു. എം. ജേക്കബ്. വിജയ സാധ്യത മാത്രമാണ് മാനദണ്ഡമെന്നും സാബു എം. ജേക്കബ് പറഞ്ഞു.
വിവിധ മേഖലകളില്‍ നിന്നുമുള്ള ആളുകളുമായി സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തും.
നിലവില്‍ ഓരോ മണ്ഡലങ്ങളും അടിസ്ഥാനമാക്കി പഠനങ്ങള്‍ നടത്തുകയാണ്. ജനങ്ങളുടെ പ്രതികരണത്തിന് അനുസരിച്ചായിരിക്കും മത്സരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുക.
പതിനാല് മണ്ഡലങ്ങളിലും ഒരു പോലെയാണ് ജനങ്ങള്‍ പ്രതികരിക്കുന്നതെങ്കില്‍ പതിനാല് മണ്ഡലങ്ങളിലും മത്സരിക്കും. മത്സരിക്കുന്നതിന് വിജയ സാധ്യത കൂടി മാനദണ്ഡമാകുമെന്നും സാബു. എം.ജേക്കബ് പറഞ്ഞു.
താന്‍ മത്സരരംഗത്തേക്കില്ലെന്നും പാര്‍ട്ടിയുടെ പ്രസിഡന്റെന്ന നിലയ്ക്ക് നേതൃത്വം നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുക എന്നും സാബു. എം. ജേക്കബ് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ഒരിക്കലും അഴിമതി നടത്തില്ലെന്ന് ജനങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് വെല്ലുവിളിയാകില്ല എന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പാര്‍ട്ടിക്കാരും തങ്ങളെ സമീപിക്കുന്നുണ്ടെന്നും പക്ഷേ അവരുമായി സഹകരിച്ച് മുന്നോട്ട്് പോകാന്‍ ട്വിന്റി 20 ഉദ്ദേശിക്കുന്നില്ലെന്നും സാബു. എം ജേക്കബ് കൂട്ടിച്ചേര്‍ത്തു.
പതിനാല് സ്ഥാനാര്‍ത്ഥികളെ കൊണ്ടുവരികയാണെങ്കില്‍ പതിനാല് വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യം നേടിയവരെയായിരിക്കും കൊണ്ടുവരിക. ഓരോ മണ്ഡലത്തിലും രണ്ട് പേരെ നിലവില്‍ ഷോട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥികള്‍ എത്രത്തോളം എം.എല്‍.എ സ്ഥാനത്തിന് അനുയോജ്യമാകും എന്നത് നോക്കിയായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും സാബു. എം. ജേക്കബ് കൂട്ടിച്ചേര്‍ത്തു.
കമാല്‍ പാഷയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും സാബു. എം. ജേക്കബ് വ്യക്തമാക്കി. ഒരു രണ്ടാഴ്ച സമയത്തിനുള്ളില്‍ എറെകുറെയൊക്കെ തീരുമാനം എടുത്തു കഴിഞ്ഞു. സര്‍വ്വേയുടെ ഫലം കുറച്ചു കൂടി വരാനുണ്ട്. എന്നിരുന്നാലും ഏറ്റവും ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക തങ്ങളായിരിക്കുമെന്നും സാബു എം. ജേക്കബ് പറഞ്ഞു.