ആറ് സിക്‌സറടിച്ച യുവിക്കും ഗിബ്‌സിനും സാധിക്കാത്തത് അഞ്ച് സിക്‌സറടിച്ച് സ്വന്തമാക്കി പൊള്ളാര്‍ഡ്; ചരിത്രത്തിലാദ്യം
Sports News
ആറ് സിക്‌സറടിച്ച യുവിക്കും ഗിബ്‌സിനും സാധിക്കാത്തത് അഞ്ച് സിക്‌സറടിച്ച് സ്വന്തമാക്കി പൊള്ളാര്‍ഡ്; ചരിത്രത്തിലാദ്യം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 11th August 2024, 12:03 pm

 

 

കഴിഞ്ഞ ദിവസം ദി ഹണ്‍ഡ്രഡില്‍ നടന്ന സതേണ്‍ ബ്രേവ് – ട്രെന്റ് റോക്കറ്റ്‌സ് മത്സരത്തില്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ടിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. സൂപ്പര്‍ താരം റാഷിദ് ഖാനെ ഒന്നിന് പിന്നാലെ ഒന്നായി തുടര്‍ച്ചയായ അഞ്ച് പന്തിലും സിക്‌സറിന് പറത്തിയാണ് പൊള്ളാര്‍ഡ് റെക്കോഡിട്ടത്.

ബ്രേവ് ഇന്നിങ്‌സിലെ 17ാം ഓവറിലാണ് പൊള്ളാര്‍ഡ് വെടിക്കെട്ട് നടത്തിയത്. അഞ്ച് പന്തടങ്ങിയ ഓവറിലെ ആദ്യ പന്ത് ഡീപ്പ് മിഡ്‌വിക്കറ്റിന് മുകളിലൂടെ അതിര്‍ത്തി കടത്തിയ പൊള്ളാര്‍ഡ്, രണ്ടും മൂന്നും പന്തുകള്‍ ലോങ് ഓഫിന് മുകളിലൂടെ വീണ്ടും സിക്‌സറിന് പറത്തി.

സമ്മര്‍ദത്തിലായ റാഷിദ് ഖാനെ വീണ്ടും നിരാശനാക്കി റാഷിദ് ഖാന്‍ നാലാം പന്ത് ഡീപ്പ് മിഡ്‌വിക്കറ്റിന് മുകളിലൂടെ ഒരിക്കല്‍ക്കൂടി ഗാലറിയിലെത്തിച്ചു. ഓവറിലെ അവസാന പന്തും സിക്‌സറിന് തൂക്കിയ പൊള്ളാര്‍ഡ് ബ്രേവിനെ വിജയത്തിലേക്കടുപ്പിച്ചു.

ദി ഹണ്‍ഡ്രഡില്‍ അഞ്ച് പന്തുകളെയാണ് ഒരു ഓവറായി കണക്കാക്കുന്നത്. ഈ ഓവറിലെ എല്ലാ പന്തും പൊള്ളാര്‍ഡ് സിക്‌സറിന് പറത്തുകയും ചെയ്തു.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് പൊള്ളാര്‍ഡിനെ തേടിയെത്തിയത്. ക്രിക്കറ്റിലെ എല്ലാ ഒഫീഷ്യല്‍ ഫോര്‍മാറ്റിലുമായി രണ്ട് തവണ ഓവറിലെ എല്ലാ പന്തിലും സിക്‌സര്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമാണ് പൊള്ളാര്‍ഡ് നേടിയത്.

2021ലാണ് പൊള്ളാര്‍ഡ് ആദ്യമായി ഓവറിലെ ആറ് പന്തിലും സിക്‌സര്‍ നേടുന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ ശ്രീലങ്കന്‍ പര്യടനത്തിലാണ് പൊള്ളാര്‍ഡ് ഓവറിലെ ആറ് പന്തും സിക്‌സറിന് പറത്തിയത്.

ശ്രീലങ്കന്‍ സൂപ്പര്‍ താരം അഖില ധനഞ്ജയക്കെതിരെയാണ് പൊള്ളാര്‍ഡ് ഓവറിലെ ആറ് പന്തിലും സിക്‌സര്‍ നേടിയത്. മത്സരത്തില്‍ 11 പന്തില്‍ 38 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പൊള്ളാര്‍ഡ് വിന്‍ഡീസിന് ആധികാരികമായ ജയവും സമ്മാനിച്ചു.

അതേസമയം, സതാംപ്ടണില്‍ നടന്ന ദി ഹണ്‍ഡ്രഡിലും പൊള്ളാര്‍ഡിന്റെ ബലത്തില്‍ ടീം വിജയിച്ചുകയറി. ട്രെന്റ് റോക്കറ്റ്‌സ് ഉയര്‍ത്തിയ 127 റണ്‍സിന്റെ വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ടീം മറികടക്കുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സതേണ്‍ ബ്രേവ്. ഏഴ് മത്സരത്തില്‍ നിന്നും അഞ്ച് ജയത്തോടെ പത്ത് പോയിന്റാണ് ടീമിനുള്ളത്.

ഓഗസ്റ്റ് 14നാണ് ബ്രേവിന്റെ അടുത്ത മത്സരം. സതാംപ്ടണില്‍ നടക്കുന്ന മത്സരത്തില്‍ വെല്‍ഷ് ഫയറാണ് എതിരാളികള്‍. പോയിന്റ് പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനത്തുള്ള വെല്‍ഷ് ഫയര്‍ ഇതിനോടകം തന്നെ പുറത്തായിട്ടുണ്ട്.

 

Content Highlight: Kieron Pollard became the first player to hit sixes in every ball twice across official formats.