കേരള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രഫസര്‍ ആര്‍ ജോണ്‍സന്റെ പി.എച്ച്.ഡി ഗൈഡ്ഷിപ്പ് റദ്ദാക്കി; നടപടി ഗൈഡ്ഷിപ്പ് അനുവദിച്ചത് ചട്ടവിരുദ്ധമായെന്ന കണ്ടെത്തലിനെ തുടര്‍ന്ന്
Kerala
കേരള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രഫസര്‍ ആര്‍ ജോണ്‍സന്റെ പി.എച്ച്.ഡി ഗൈഡ്ഷിപ്പ് റദ്ദാക്കി; നടപടി ഗൈഡ്ഷിപ്പ് അനുവദിച്ചത് ചട്ടവിരുദ്ധമായെന്ന കണ്ടെത്തലിനെ തുടര്‍ന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th August 2019, 4:06 pm

 

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രഫസര്‍ ആര്‍ ജോണ്‍സന്റെ പി.എച്ച്.ഡി ഗൈഡ്ഷിപ്പ് റദ്ദാക്കി. വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ സര്‍ക്കാര്‍ ജോലികളില്‍ നിന്നും പി.എസ്.സി ഡീബാര്‍ ചെയ്ത, കേരള യൂണിവേഴ്സിറ്റി സൈക്കോളജി ഡിപ്പാര്‍ട്ടുമെന്റില്‍ അസിസ്റ്റര്‍ പ്രൊഫസര്‍ സ്ഥാനത്തേക്ക് ചട്ടവിരുദ്ധമായി നിയമിച്ച ജോണ്‍സണ് ചട്ടവിരുദ്ധമായി പി.എച്ച്.ഡി ഗൈഡ്ഷിപ്പ് നല്‍കിയെന്നത് ഡൂള്‍ന്യൂസ് നേരത്തെ വിശദമായി റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ജൂണ്‍ ആറിന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ജോണ്‍സന്റെ പി.എച്ച്.ഡി ഗൈഡ്ഷിപ്പ് റദ്ദാക്കാന്‍ തീരുമാനിച്ചത്. ജോണ്‍സണിന്റെ പി.എച്ച്.ഡി ഗൈഡ്ഷിപ്പ് നല്‍കിയ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. ഇമാനുവല്‍ വൈസ് ചാന്‍സലറിന് പരാതി നല്‍കിയിരുന്നു.

യൂണിവേഴ്സിറ്റി ചട്ട പ്രകാരം പി.എച്ച്.ഡി ഗൈഡ്ഷിപ്പിനായി നല്‍കുന്ന അപേക്ഷയ്ക്കൊപ്പം യു.ജി.സി അപ്രൂവ്ഡ് ലിസ്റ്റ് ഓഫ് ജേണലുകളില്‍ പ്രസിദ്ധീകരിച്ച രണ്ട് പബ്ലിക്കേഷനുകളുണ്ടായിരിക്കണം. ഈ പബ്ലിക്കേഷനുകളുടെ കോപ്പിയുടെ ആദ്യ പേജിലും അവസാന പേജിലും അടിഭാഗത്ത് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ഇത് അപ്രൂവ്ഡ് ലിസ്റ്റിലുള്ളതാണെന്ന് സര്‍ട്ടിഫൈ ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇത്തരമൊരു സര്‍ട്ടിഫിക്കേഷന്‍ നല്‍കിയിട്ടില്ലെന്നാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ വ്യക്തമാക്കിയത്.

എംഫില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോ.ആര്‍ ജോണ്‍സനെ സര്‍ക്കാര്‍ ജോലികളില്‍ നിന്നും പി.എസ്.സി 2003ല്‍ എന്നന്നേക്കുമായി ഡീബാര്‍ ചെയ്തിരുന്നു. കേരളാ യൂണിവേഴ്സിറ്റി സൈക്കോളജി ഡിപ്പാര്‍ട്ടുമെന്റില്‍ അസിസ്റ്റന്റ് പ്രഫസറായ ഡോ. ജോണ്‍സണിന്റെ നിയമനം തന്നെ ചട്ടവിരുദ്ധമാണെന്നിരിക്കെയായിരുന്നു ചട്ടങ്ങള്‍ മറികടന്ന് പി.എച്ച്.ഡി ഗൈഡ്ഷിപ്പ് കൂടി നല്‍കിയത്.

നിയമവിരുദ്ധ ‘കരിയറു’മായി ഒരു വിവാദ പ്രൊഫസര്‍; അര്‍ഹതയില്ലാത്ത പി.എച്ച്.ഡി ഗൈഡ്ഷിപ്പ് നല്‍കി കേരള യൂണിവേഴിസിറ്റി