ന്യൂദല്‍ഹി: സാമൂഹിക പുരോഗതി സൂചികയില്‍ പോഷകാഹാരലഭ്യതയിലും ആരോഗ്യപരിചത്തിലും രാജ്യത്ത് ഒന്നാമതായി കേരളം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്റീറ്റീവ്നെസ് ആന്‍ഡ് സോഷ്യല്‍ പ്രോഗ്രസ് ഇമ്പറേറ്റീവും ചേര്‍ന്ന് പുറത്തിറക്കിയ പട്ടികയിലാണ്
ഉയര്‍ന്ന സാമൂഹിക പുരോഗതി നേടിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന് നേട്ടമുണ്ടാക്കാനായത്.
അടിസ്ഥാന ആവശ്യങ്ങള്‍, ക്ഷേമ അടിത്തറ, അവസരങ്ങള്‍ എന്നീ മൂന്ന് മാനദണ്ഡങ്ങളുടെ 12 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് എസ്.പി.ഐ(സോഷ്യല്‍ പ്രോഗ്രസ് ഇന്‍ഡക്‌സ്) സംസ്ഥാനങ്ങളെയും ജില്ലകളെയും വിലയിരുത്തിയത്.
സംസ്ഥാന തലത്തില്‍ 89 സൂചകങ്ങളും ജില്ലാ തലത്തില്‍ 49 സൂചകങ്ങളും അടങ്ങുന്ന വിപുലമായ ചട്ടക്കൂടാണ് ഇതിനായി ഉപയോഗിച്ചത്. ആഗോളതലത്തില്‍ സാമൂഹികപുരോഗതി സൂചികയില്‍ ഇന്ത്യ നാലാം ശ്രേണിയായ താഴ്ന്ന മധ്യവര്‍ഗ സാമൂഹിക പുരോഗതി നേടിയ രാജ്യങ്ങളുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.
പോഷകാഹാരലഭ്യതയിലും ആരോഗ്യപരിചരണരംഗത്തും കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലാണ്. കേരളത്തിന്റെ സ്‌കോര്‍ (67.88) ദേശീയ ശരാശരിയെക്കാള്‍ (49.22) ഏറെ മുന്നിലാണ്.
പോഷകാഹാരം, ആരോഗ്യപരിചരണം എന്നിവയില്‍ ദേശീയശരാശരിയിലും കൂടുതല്‍ സ്‌കോര്‍ ലഭിച്ച 340 ജില്ലകളില്‍ പത്തനംതിട്ട, കോഴിക്കോട്, തിരുവനന്തപുരം എന്നിവയാണ് ഏറ്റവും മുന്നിലുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളും ദേശീയ ശരാശരിയെക്കാളും മുന്നിലാണ്. സ്ത്രീകളിലെ വിളര്‍ച്ച പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് സാധിച്ചതും ഏറ്റവും കുറഞ്ഞ മാതൃ, ശിശു മരണനിരക്കും ഈ രംഗത്ത് സംസ്ഥാനത്തെ മുന്നിലെത്തിച്ചു.
പോഷകാഹാരലഭ്യതയില്‍ പത്തനംതിട്ടയാണ് മുന്നില്‍. 6-23 മാസം പ്രായമുള്ള 50.1 ശതമാനം കുട്ടികള്‍ക്കും ആവശ്യമായ പോഷകാഹാരം ലഭിക്കുന്നുണ്ട്.