ഉപതെരഞ്ഞെടുപ്പിനൊരുങ്ങി കേരളം;ഔദ്യോഗിക ചര്‍ച്ചകള്‍ ഇന്ന് തുടങ്ങും ; എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളില്‍ ഇന്ന് തീരുമാനമാകും
Kerala News
ഉപതെരഞ്ഞെടുപ്പിനൊരുങ്ങി കേരളം;ഔദ്യോഗിക ചര്‍ച്ചകള്‍ ഇന്ന് തുടങ്ങും ; എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളില്‍ ഇന്ന് തീരുമാനമാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th September 2019, 8:33 am

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇനി നടക്കാനുള്ള 5 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള മുന്നൊരുക്കള്‍ക്ക് തുടക്കം. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇന്ന് ധാരണയാകും.

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ക്ക് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് തുടക്കം കുറിക്കും. സീറ്റ് വിഭജനത്തിനും തയ്യാറെടുപ്പുകള്‍ക്കുമായി എന്‍.ഡി.എ നേതൃതവും ഇന്ന് ഔദ്യോഗിക ചര്‍ച്ച കൊച്ചിയില്‍ നടത്തും. പാണക്കാട് ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് യോഗവും ഇന്ന് പാണക്കാട് ചേരും.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇന്ന് ധാരണയാകുന്ന എല്‍.ഡി.എഫില്‍ വട്ടിയൂര്‍ക്കാവിലേക്ക് തിരുവന്തപുരം മേയര്‍ വി.കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു എന്നിവര്‍ക്കാണ് സാധ്യത.

കോന്നിയില്‍ മുന്‍ സ്ഥാനാര്‍ഥി എം.എസ് രാജേന്ദ്രന്‍, ഡി.വൈഎഫ്.ഐ നേതാവ് കെ.യു ദനീഷ് കുമാര്‍, ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു എന്നിവരും എറണാകുളത്ത് മനു റോയി, റോണ്‍ ബാസ്റ്റിയന്‍, യേശുദാസ് പാറപ്പള്ളി എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നു.

അരൂരില്‍ ജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബു, മനു സി പുളിക്കല്‍, പി.പി ചിത്തരജ്ഞന്‍ എന്നിവരാണ് പരിഗണനയിലുള്ളത്.
മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പു, കെ. ആര്‍ ജയാനന്ദ എന്നിവരും എല്‍.ഡി.എഫിന്റെ പരിഗണനയിലുണ്ട്.

DoolNews Video