പ്രതിഷേധമടങ്ങാതെ തെരുവുകള്‍; കത്വാ സംഭവത്തില്‍ കേരളത്തില്‍ പ്രതിഷേധ പരമ്പരകള്‍ തുടരുന്നു
Kathua gangrape-murder case
പ്രതിഷേധമടങ്ങാതെ തെരുവുകള്‍; കത്വാ സംഭവത്തില്‍ കേരളത്തില്‍ പ്രതിഷേധ പരമ്പരകള്‍ തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th April 2018, 7:43 pm

കോഴിക്കോട്: കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്നതിനെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധം തുടരുന്നു. സംഘ്പരിവാര്‍ ക്രൂരതയ്‌ക്കെതിരെ ഫേസ്ബുക്ക് കൂട്ടായ്മകളും വിവിധ സാംസ്‌കാരിക കൂട്ടായ്മകളും വീണ്ടും പ്രതിഷേധവുമായി തെരുവുകളിലേക്കെത്തുകയാണ്.
#MyStreetMyProtest എന്ന ഫേസ്ബുക്ക് ഹാഷ്ടാഗില്‍ “എന്റെ തെരുവില്‍ എന്റെ പ്രതിഷേധം” എന്ന പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫേസ്ബുക്ക് കൂട്ടായ്മകള്‍ പ്രതിഷേധത്തിനായി ഒത്തു ചേര്‍ന്നു.

സംഘ്പരിവാര്‍ ക്രൂരതയ്ക്കും ബി.ജെ.പി സര്‍ക്കാരിന്റെ വര്‍ഗ്ഗീയ നയങ്ങള്‍ക്കെതിരെയും മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായിട്ടാണ് കോഴിക്കോട് മിഠായിത്തെരുവില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. തെരുവിലൂടെ നടന്ന പ്രതിഷേധ റാലിയില്‍ നിരവധിപേര്‍ അണി നിരന്നു.

കുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത വിധം സംഘ്പരിവാര്‍ രാജ്യത്ത് അക്രമം തുടരുകയാണെന്നും വംശഹത്യയിലൂടെ ഇന്ത്യയില്‍ നിന്ന് മുസ്‌ലിങ്ങളെയും ദളിതരെയും ഇല്ലാതാക്കുകയോ പുറത്താക്കുകയോ ചെയ്യുകയാണ് സംഘ്പരിവാര്‍ ലക്ഷ്യമെന്നും സാമൂഹ്യപ്രവര്‍ത്തകയായ സുഹറ പ്രതികരിച്ചു. ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടുന്ന ബലാല്‍സംഗ കേസുകള്‍ പോലും കഴിഞ്ഞവര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്നും അവര്‍ പ്രതികരിച്ചു.

ഈ കൊലപാതകം ഒരു ഹിന്ദു കൊലപാതകമാണെന്നും മുസ്‌ലിം ബാലിയകയാണ് കൊല്ലപ്പെട്ടതെന്നും നമ്മള്‍ മറക്കരുതെന്നും എട്ടുവയസുകാരിയെ മറന്നുകഴിഞ്ഞാല്‍ ഇന്ത്യ എന്ന രാജ്യത്തിന്റെ എല്ലാ ബഹുസ്വരതയും നഷ്ടപ്പെട്ടു പോവുമെന്നും മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്‍ പറഞ്ഞു.

പാട്ടുപാടിയും ചിത്രംവരച്ചും മെഴുകുതിരി കത്തിച്ചും കണ്ണ്‌കെട്ടിയും മറ്റ് നിരവധി പ്രതിഷേധങ്ങളും മിഠായിത്തെരുവില്‍ വൈകീട്ട് നടന്നു.

പാലക്കാട് നടന്ന പ്രതിഷേധത്തില്‍ എംപി. എം.ബി. രാജേഷ്, കഥാകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍ ശ്രീചിത്രന്‍, അജില.കെ തുടങ്ങിയവര്‍ സംസാരിച്ചു.

പാലക്കാട് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ.

കൊച്ചിയില്‍ നൂറുകണക്കിന് പേര്‍ അണിനിരന്ന നിശബ്ദ പ്രതിഷേധം നടന്നു.

വി.എസ് അച്യൂതാനന്ദന്റെ സാനിധ്യത്തോടെ നൂറ്കണക്കിന് ആളുകള്‍ തിരുവനന്തപുത്ത് മ്യൂസിയം പരിസരത്ത് പ്രതിഷേധത്തിനായി അണി നിരന്നു. സാഹിത്യകാരന്‍ സക്കറിയ, സംവിധായകന്‍ വേണു, എഡിറ്റര്‍ ബീനാ പോള്‍ ഉള്‍പ്പടെ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകര്‍ കലാകാരന്മാര്‍ തുടങ്ങിയവര്‍ ഒത്തുകൂടി.

ജമ്മുവിനടുത്തുള്ള കത്വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് ജനുവരി 10ന് കാണാതായ എട്ടുവയസുകാരിയെ ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ കുടുംബമടങ്ങുന്ന ബക്കര്‍വാല്‍ മുസ്ലിം നാടോടി സമുദായത്തെ രസനയില്‍ നിന്നും ഭയപ്പെടുത്തി ആട്ടിയോടിക്കുന്നതിനായി റിട്ട റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി റാം ആണ് കൊലപാതകവും തട്ടിക്കൊണ്ടു പോകലും ആസൂത്രണം ചെയ്തത്.

ഇയാളുടെ മകന്‍ വിശാല്‍ ജംഗോത്ര, മരുമകന്‍ എന്നിവരും പിടിയിലായിട്ടുണ്ട്. സ്‌പെഷ്യല്‍ പൊലീസ് ഒഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, രസനയിലെ താമസക്കാരനായ പര്‍വേഷ് കുമാര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബള്‍, തിലക് രാജ് എന്നിവരാണ് മറ്റു പ്രതികള്‍.