അത്രക്ക് ദുര്‍ബലമാണ് ആത്മവീര്യമെങ്കില്‍ അതങ്ങ് പോകട്ടെന്ന് വെക്കണം; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
Kerala News
അത്രക്ക് ദുര്‍ബലമാണ് ആത്മവീര്യമെങ്കില്‍ അതങ്ങ് പോകട്ടെന്ന് വെക്കണം; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2024, 5:13 pm

കൊച്ചി: കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. ആലത്തൂരില്‍ അഭിഭാഷകനെ പൊലീസ് അപമാനിച്ച കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ബെഞ്ചാണ് പൊലീസിനെ വിമര്‍ശിച്ചിരിക്കുന്നത്.

ചെയ്ത തെറ്റിന് നടപടിയെടുക്കുന്നത് എങ്ങനെയാണ് പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുന്നതാകുന്നതെന്ന് കോടതി ചോദിച്ചു. അത്രയും ദുര്‍ബലമാണ് പൊലീസിന്റെ ആത്മവീര്യമെങ്കില്‍ അതങ്ങ് പോകട്ടെ എന്ന് വെക്കണമെന്നും കോടതി പറഞ്ഞു.

‘പൊലീസുകാര്‍ക്കെതിരെ എന്ത് നടപടിയെടുക്കുമ്പോഴും പറയുന്ന ന്യായീകരണമാണ് പൊലീസിന്റെ ആത്മവീര്യം തകര്‍ക്കരുതെന്ന്. എന്ത് തെറ്റ് ചെയ്താലും ആത്മവീര്യം തകരാതിരിക്കാന്‍ കൂടെ നിര്‍ത്തണമെന്നാണോ പറയുന്നത്. ചെയ്ത തെറ്റിന് നടപടിയെടുക്കുന്നത് എങ്ങനെയാണ് ആത്മവീര്യം തകര്‍ക്കുന്നതാകുന്നത്. അത്രക്ക് ദുര്‍ബലമാണ് ആത്മവീര്യമെങ്കില്‍ അതങ്ങ് പോകട്ടെയെന്ന് വെക്കണം. ഒരു പദവിയിലിരുന്ന് തെറ്റ് ചെയ്താല്‍ പിന്നെ ആ പദവിയിലിരിക്കാന്‍ അദ്ദേഹം യോഗ്യനല്ല,’ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ആലത്തൂരില്‍ അഭിഭാഷകനെ പൊലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചു എന്ന കേസ് പരിഗണിക്കവെയാണ് കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്. നേരത്തെ ഇതേ കേസ് പരിഗണിക്കവെ പൊലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി കോടതിയെ സമീപിച്ചിരുന്നു.

അന്നും കോടതി പൊലീസിനെ വിമര്‍ശിച്ചിരുന്നു. ജനങ്ങള്‍ക്ക് മേല്‍ കുതിരകയറാനുള്ള കാരണമല്ല പൊലീസിന്റെ മാനസിക സമ്മര്‍ദ്ദമെന്നായിരുന്നു അന്ന് കോടതി വിമര്‍ശിച്ചത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോഴത്തെ വിമര്‍ശനം.

ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ എസ്.ഐ റിനീഷ് പൊലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് കയര്‍ത്ത് സംസാരിക്കുകയും അപമാനിക്കുകയുമായിരുന്നു എന്നാണ് കേസ്. ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വരികയും സംഭവം വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

നേരത്തെ കോടതിയുടെ നിര്‍ദേശാനുസരണം പൊലീസുകാരുടെ പെരുമാറ്റം സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധവി മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. ഇതിന് വിപരീതമായിരുന്നു എസ്.ഐ. റിനീഷിന്റെ പെരുമാറ്റം എന്നതിനാല്‍ കോടതി അലക്ഷ്യ കേസാണ് അദ്ദേഹത്തിനെതിരെ എടുത്തിരുന്നത്.

ഈ കേസില്‍ എസ്.ഐ. റിനീഷ് നേരത്തെ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ മാപ്പ് കോടതി സ്വീകരിക്കിതാരിക്കുകയും എന്ത് ചെയ്താലും മാപ്പ് പറഞ്ഞ് രക്ഷപ്പെട്ട് പോകാനാകില്ലെന്നും അന്ന് കോടതി പറഞ്ഞിരുന്നു.

മാത്രവുമല്ല ഈ ഉദ്യോഗസ്ഥനെതിരെ എന്തെല്ലാം അച്ചടക്ക നടപടി സ്വീകരിച്ചു എന്ന് അറിയക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് കോടതി ചോദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി പൊലീസ് നല്‍കിയ മറുപടി പരിഗണിക്കവെയാണ് കോടതി ഇന്ന് വീണ്ടും പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

content highlights: Kerala High Court criticizes Kerala Police