World News
ഗസയിലെ മൊറാഗ് ഇടനാഴിയുടെ നിയന്ത്രണവും പിടിച്ചെടുക്കുമെന്ന് നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
5 days ago
Thursday, 3rd April 2025, 4:22 pm

ടെല്‍ അവീവ്: ഗസയിലെ മൊറാഗ് ഇടനാഴിയുടെ നിയന്ത്രണം പിടിച്ചെടുക്കുമെന്ന് ഇസ്രഈല്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയാണ് പ്രഖ്യാപനം. മൊറാഗ് ഇടനാഴിയെ ഇസ്രഈല്‍ സൈന്യം ഫിലാഡല്‍ഫിയുടെ ഭാഗമാക്കി മാറ്റുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച രാത്രിയോടെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും നെതന്യാഹുവിനെ ഉദ്ധരിച്ച് യെഡിയോത്ത് അഹ്രോനോത്ത് പത്രം റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസിനും റഫാ അതിര്‍ത്തിക്കും ഇടയിലാണ് മൊറാഗ് ഇടനാഴി സ്ഥിതി ചെയ്യുന്നത്.

അതേസമയം ഗസയ്ക്കും ഈജിപ്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഇടനാഴിയാണ് ഫിലാഡല്‍ഫി. ഇതിന്റെ നിയന്ത്രണം 2024 മെയ് മുതല്‍ ഇസ്രഈലിന്റെ കൈവശമാണ്.

നേരത്തെ ഫിലാഡല്‍ഫി ഇടനാഴിയില്‍ നിന്നും സൈന്യത്തെ പിരിച്ചുവിടേണ്ടത് അത്യാവശ്യമാണെന്ന് അമേരിക്ക ചൂണ്ടിക്കാട്ടിയിരുന്നു. ഇസ്രഈലും ഫലസ്തീനും തമ്മിലുള്ള ബന്ധം പുനര്‍സ്ഥാപിക്കുന്നതിനെ സംബന്ധിച്ചുള്ള ഉടമ്പടിയില്‍ ഫിലാഡല്‍ഫി ഇടനാഴിയും ഉള്‍പ്പെടുന്നുണ്ടെന്നാണ് യു.എസ് വ്യക്തമാക്കിയത്.

എന്നാല്‍ ഫിലാഡല്‍ഫിയില്‍ വിന്യസിച്ചിട്ടുള്ള സൈന്യത്തെ പിന്‍വലിക്കുന്നത് ഗസ-ഈജിപ്ത് അതിര്‍ത്തിയില്‍ നിന്നും വന്‍തോതിലുള്ള ആയുധ കൈമാറ്റത്തിനും ബന്ദികളെ കടത്തി വിടുന്നതിനും തുരങ്കം നിര്‍മിക്കുന്നതിനും കാരണമാകുമെന്നായിരുന്നു നെതന്യാഹുവിന്റെ വാദം.

കൂടാതെ ഫിലാഡല്‍ഫിയ ഇടനാഴിയിലുള്ള നിയന്ത്രണം തുടരുമെന്നും ഹമാസിന്റെ പക്ഷം ആയുധമെത്തുന്നത് ഇസ്രഈലിന്റെ ഭാവിക്ക് ഉപകാരപ്രദമാവില്ലെന്നും നെതന്യാഹു വാദമുയര്‍ത്തിയിരുന്നു.

ഗസയിലേക്ക് ആയുധങ്ങളും മറ്റ് സഹായങ്ങളും എത്തുന്നത് തടയാനും കുടിയിറക്കം നിയന്ത്രിക്കുന്നതിനുമാണ് ഫിലാഡല്‍ഫിയുടെ ഭാഗങ്ങളില്‍ ഇസ്രഈല്‍ സൈന്യത്തെ വിന്യസിച്ചിരുന്നത്.

എന്നാല്‍ ഗസയിലെ വെടിനിര്‍ത്തല്‍ കരാറില്‍ ഫിലാഡല്‍ഫിയില്‍ നിന്നടക്കം സൈന്യത്തെ ഇസ്രഈല്‍ പിന്‍വലിക്കണമെന്ന് വ്യവസ്ഥയുണ്ട്.

പക്ഷെ വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായതോടെ ഇസ്രഈല്‍ ഗസയില്‍ ആക്രമണം ശക്തമാക്കുകയായിരുന്നു. ഇതിനിടെയാണ് മറോഗ് ഇടനാഴിയും പിടിച്ചെടുക്കുമെന്ന് നെതന്യാഹു പ്രഖ്യാപിക്കുന്നത്.

നിലവിലെ കണക്കുകള്‍ പ്രകാരം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് മാര്‍ച്ച് 18 മുതല്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ ഏകദേശം 1,163 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ട 97 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 2023 ഒക്ടോബറില്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 50,523 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Content Highlight: Netanyahu says he will seize control of the Morag Corridor in Gaza