Entertainment
എമ്പുരാന്റെ ട്രെയിലറില്‍ ടെക്‌നീഷ്യന്‍സൊന്നും ഹാപ്പി ആയിരുന്നില്ല, ഏല്‍ക്കില്ലെന്ന് ഞാനും പറഞ്ഞു: ദീപക് ദേവ്

എമ്പുരാന്റെ ട്രെയിലറിനെ കുറിച്ചും അതില്‍ സിനിമയിലെ ടെക്‌നീഷ്യന്‍സിനുണ്ടായിരുന്ന അഭിപ്രായ വ്യത്യാസത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംഗീത സംവിധായകന്‍ ദീപക് ദേവ്.

എമ്പുരാന്റെ ട്രെയിലറില്‍ ടെക്‌നീഷ്യന്‍സൊന്നും ഹാപ്പി ആയിരുന്നില്ലെന്നും ട്രെയിലര്‍ ഏല്‍ക്കില്ലെന്ന് താനും പൃഥ്വയോട് പറഞ്ഞിരുന്നെന്നും ദീപക് ദേവ് പറയുന്നു. എന്നാല്‍ അതിന് അദ്ദേഹം തന്ന ഒരു മറുപടിയുണ്ടെന്നും അദ്ദേഹമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചെന്നും ദീപക് ദേവ് പറഞ്ഞു.

‘ ഇത് പറയാന്‍ പാടുണ്ടോ എന്നറിയില്ല. എങ്കിലും ഇപ്പോള്‍ പറയുന്നതുകൊണ്ട് കുഴപ്പമില്ല. കാരണം അതിന്റെ റിസള്‍ട്ട് പോസിറ്റീവായി വന്നു. എമ്പുരാന്റെ ട്രെയിലര്‍ വന്നപ്പോള്‍ മിക്ക ആള്‍ക്കാര്‍ക്കും, അതായത് ടെക്‌നീഷ്യന്‍സ് ആരും ഹാപ്പിയായിരുന്നില്ല.

ഞാന്‍ പക്ഷേ പച്ചയ്ക്ക് പുള്ളിയുടെ അടുത്ത് എല്ലാം പറയും. അത് പുള്ളിക്ക് അറിയുകയും ചെയ്യാം. ഈ ട്രെയ്‌ലര്‍ ഏല്‍ക്കില്ല പൃഥ്വി എന്ന് ഞാന്‍ പറഞ്ഞു.

ഇത് നാല് മിനുട്ടിന്റെ ട്രെയിലറാണ്. ഇത്രയും വലിയ ട്രെയിലറിന്റെ ആവശ്യം എന്താണ്. ഒരു രണ്ട് മിനുട്ട് കൂടി കാണിച്ചിരുന്നെങ്കില്‍ ആ പടം മൊത്തം കാണിക്കാമായിരുന്നില്ലേ എന്ന് ഞാന്‍ ചോദിച്ചു.

ഇല്ല ദീപക്, ഇന്നത്തെ കാലത്ത് നാല് മിനുട്ട് വേണമെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ‘ലൂസിഫറിന്റെ കാലമല്ല ഇത്. മാത്രമല്ല നമ്മുടെ ടീസര്‍ തന്നെയുണ്ട് രണ്ട് മിനുട്ട്. ടീസര്‍ രണ്ട് മിനുട്ട് ആയിക്കഴിഞ്ഞാല്‍ അതിനേക്കാള്‍ വലുതായിരിക്കണ്ടേ ട്രെയിലര്‍ എന്ന് പുള്ളി പറഞ്ഞു.

അത് ഓക്കെ, പക്ഷേ ഇതില്‍ ഇനി എന്താണ് നമുക്ക് കാണിക്കാന്‍ ബാക്കിയുള്ളത്, എല്ലാം കാണിച്ചില്ലേ എന്ന് ഞാന്‍ ചോദിച്ചു.

അതാണ്, നമ്മള്‍ എല്ലാം ഇട്ടുകൊടുത്തിരിക്കുകയാണ്. നമ്മള്‍ ഒന്നും ഒളിപ്പിച്ചുവെച്ചിട്ടില്ല. കഥ പോലും ഞാന്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു പൃഥ്വിയുടെ മറുപടി.

ഇത് സയിദ് മസൂദിന്റെ കുട്ടിക്കാലം തൊട്ട് തുടങ്ങുന്ന കഥയാണെന്ന് അത്രയും ഓപ്പണ്‍ ആയി പറഞ്ഞിട്ടുണ്ട്. ഇനി അവര്‍ ഡീ കോഡിങ്ങിന്റെ പേരും പറഞ്ഞ് ഇല്ലാത്ത കഥകള്‍ ഉണ്ടാക്കേണ്ടല്ലോ. ഞാന്‍ അത് പറഞ്ഞുകൊടുത്തിട്ട് അവരെ വെല്‍ക്കം ചെയ്യുന്നു.

അതുപോലെ ട്രെയിലറിലും ഞാന്‍ എല്ലാം കാണിക്കുന്നുണ്ട്. എന്നാലും നിങ്ങള്‍ വന്ന് സിനിമ എന്‍ജോയ് ചെയ്യൂ എന്നാണ് ആവശ്യപ്പെടുന്നത്. ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു ശരിയെന്ന് ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ മനസിലായി,’ ദീപക് ദേവ് പറയുന്നു.

പൃഥ്വയോടൊത്തുള്ള ഈ യാത്ര താന്‍ ഏറെ വിലമതിക്കുന്ന ഒന്നാണെന്നും ദീപക് ദേവ് പറഞ്ഞു.’ ഇന്നും ഇന്നലെയും തുടങ്ങിയ യാത്രയല്ല. പുതിയ മുഖം തൊട്ട് തുടങ്ങിയ യാത്രയാണ്.

അന്നും ചില സമയത്ത് ഞാന്‍ സംശയിച്ചിട്ടുണ്ട് ഫ്രണ്ടസ്ഷിപ്പിന്റെ കാര്യം മനസില്‍ വെച്ചിട്ടാണോ അദ്ദേഹം എന്നെ വിളിക്കുന്നത് എന്ന്. ഒരിക്കല്‍ ഞാനത് പറയുകയും ചെയ്തു.

നിങ്ങളുടെ വിചാരം നിങ്ങള്‍ എന്റെ സുഹൃത്തായതുകൊണ്ടാണ് എന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത് എന്നാണോ. എന്നാല്‍ അതല്ല. അത് വേറെ ഇത് വേറെ എന്ന് പൃഥ്വി പറഞ്ഞു.

വര്‍ക്കിനോടുള്ള നിങ്ങളുടെ പാഷന്‍ ഇല്ലേ. അതേ പാഷന്‍ എനിക്ക് നിങ്ങളോട് ഉണ്ട് എന്ന് പറഞ്ഞു. ഫ്രണ്ട്‌സ്ഷിപ്പും ഇതും മിക്‌സ്ഡ് അപ്പ് അല്ല എന്ന് പൃഥ്വി അന്ന് തീര്‍ത്തു പറഞ്ഞു,’ ദീപക് ദേവ് പറയുന്നു.

Content Highlight: technicians are not happy in Empuraan trailer, Says Music Director Deepak Dev