കൊച്ചി; കലാലയ രാഷ്ട്രീയത്തിനെതിരെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കാനാകില്ല. വിദ്യാര്‍ഥികള്‍ ആദ്യം പഠനത്തില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് എം അഭിമന്യുവിന്റെ കൊലപാതകം അപലപനീയമാണെന്നും വിദ്യാര്‍ഥികള്‍ പഠനത്തിലാണു ശ്രദ്ധിക്കേണ്ടതെന്നും കലാലയ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
പഠനം പൂര്‍ത്തിയാക്കിയിട്ടു മതി രാഷ്ട്രീയ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. കലാലയ രാഷ്ട്രീയ വിഷയത്തില്‍ ഹൈക്കോടതിയുടെ നിലപാടു തന്നെയാണ് തനിക്കുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Read: അഭിമന്യുവിന്റെ വീടിന് തറക്കല്ലിട്ടു: എസ്.ഡിപി.ഐ ഐ.എസ്.ഐ.എസ് മോഡല്‍ സംഘടന; കോടിയേരി ബാലകൃഷ്ണന്‍
കൊച്ചിയില്‍ നടന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിനു ശേഷമായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ക്യാംപസില്‍ ഒരു സംഘടനയേയും അനുവദിക്കേണ്ട എന്നാണ് തന്റെ അഭിപ്രായം.
മഹാരാജാസ് ക്യാംപസില്‍ തീവ്രവാദ സംഘടനകള്‍ കടന്നു കയറിയോ എന്നതില്‍ പ്രതികരിക്കാനില്ല. തന്റെ അഭിപ്രായം അഭിമന്യു വധക്കേസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട് എന്നതിനാലാണ് അഭിപ്രായം പറയാത്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, കലാലയങ്ങളിലെ അക്രമ രാഷ്ട്രീയവും വര്‍ഗീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും നിരോധിക്കേണ്ടതിനും നിയന്ത്രിക്കേണ്ടതിനും പകരം കലാലയ രാഷ്ട്രീയത്തെ പാടെ തള്ളിപ്പറയുന്നത് വിദ്യാര്‍ഥി സംഘടനകളെ കുറിച്ചുള്ള ഗവര്‍ണറുടെ അജ്ഞത കൊണ്ടാകാമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്ത് പറഞ്ഞു.
കേരളത്തിലെ കലാലയങ്ങളില്‍ നിന്ന് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നുള്ളത് കാലങ്ങളായുള്ള ചില സങ്കുചിത താല്‍പ്പര്യക്കാരുടെ പ്രത്യേകിച്ച് മാനേജ്‌മെന്റുകളുടെ, മതസാമുദായിക സംഘടനകളുടെ താല്‍പ്പര്യമാണെന്നും അഭിജിത്ത് പറഞ്ഞു.
അക്രമരാഷ്ട്രീയം ഇല്ലാതാക്കിയും, വര്‍ഗീയ സംഘടനകളെ നിരോധിച്ചും കലാലയങ്ങളിലെ സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും കെ.എസ്.യു വ്യക്തമാക്കി.