ഐ.ലീഗ് ഫുട്‌ബോളില്‍ കിരീടം നിലനിര്‍ത്താനുറച്ച് ഗോകുലം കേരള എഫ്.സി. വരാനിരിക്കുന്ന മത്സരത്തില്‍ ഒരു സമനിലയെങ്കിലും നേടിയാല്‍ ഗോകുലത്തിന് ഐ. ലീഗ് കിരീടം നിലനിര്‍ത്താനാവും.
ചൊവ്വാഴ്ച വൈകീട്ട് ശ്രീനിധി ഡെക്കാനെതിരെ നടക്കുന്ന മത്സരത്തില്‍ തോല്‍വി ഒഴിവാക്കാനായാല്‍ കേരളം കിരീടം ചൂടുമെന്നുറപ്പാണ്. രാത്രി എട്ടിന് നേതാജി സ്റ്റേഡിയത്തിലാണ് മത്സരം.
രണ്ടു മത്സരം ശേഷിക്കെ 16 കളിയില്‍ നിന്നും 40 പോയിന്റാണ് ഡിഫന്‍ഡിംഗ് ചാമ്പ്യന്‍സിനുള്ളത്. രണ്ടാമതുള്ള മുഹമ്മദന്‍സ് എസ്.സിക്ക് 34 പോയിന്റാണുള്ളത്. വരാനിരിക്കുന്ന രണ്ട് മത്സരത്തിലും ജയിക്കാന്‍ സാധിച്ചാല്‍ മുഹമ്മദന്‍സിന് 40 പോയിന്റാവും സ്വന്തമാക്കാനാവുക.
ഇന്ന് നടക്കുന്ന മത്സരത്തില്‍ സമനില പിടിച്ചാല്‍ ഗോകുലത്തിന് 41 പോയിന്റാവുകയും കിരീടമുറപ്പിക്കാന്‍ സാധിക്കുകയും ചെയ്യും.
ശ്രീനിധി ഡെക്കാനെതിരെ നടക്കുന്ന മത്സരത്തില്‍ വിജയപ്രതീക്ഷയാണുള്ളതെന്നാണ് ഗോകുലം എഫ്.സിയുടെ പരിശീലകന്‍ വിന്‍സെന്‍സോ അനീസോ പറയുന്നത്. മത്സരം ജയിക്കാനും കിരീടം നിലനിര്‍ത്താനും തങ്ങള്‍ക്കാകുമെന്നും അനീസോ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
ലീഗിലെ ഒറ്റ മത്സരത്തില്‍ പോലും തോല്‍വിയറിയാതെയാണ് ഗോകുലം എഫ്.സി കുതിക്കുന്നത്. കളിച്ച 16 മത്സരത്തില്‍ 12ഉം ജയിച്ചും നാലെണ്ണം സമനിലയിലുമായി 40 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഗോകുലം എഫ്.സി.
വരാനിരിക്കുന്ന രണ്ട് മത്സരത്തിലും തോല്‍വി ഒഴിവാക്കാനായില്‍ സീസണില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെ കിരീടം നേടുന്ന ആദ്യ ടീം എന്ന ഖ്യാതി സ്വന്തമാക്കാനും ഗോകുലത്തിനാവും.
നേരത്തെ ശ്രീനിധി ഡെക്കാനുമായി ഏറ്റുമുട്ടിയപ്പോള്‍ 2-1നായിരുന്നു ഗോകുലത്തിന്റെ വിജയം.