ന്യൂദല്‍ഹി: കേരളത്തിലെ കൊവിഡ് വ്യാപനത്തെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആക്രമണവുമായി കേന്ദ്രസര്‍ക്കാര്‍. ബി.ജെ.പി. നേതാക്കള്‍ക്ക് പുറമെ കേന്ദ്രമന്ത്രിമാരും കേരളത്തിലെ കൊവിഡ് പ്രതിരോധത്തെ കുറ്റപ്പെടുത്തി രംഗത്തെത്തി.
പെരുന്നാളിന് ഇളവ് അനുവദിച്ചത് കൊണ്ടാണ് കേരളത്തില്‍ കൊവിഡ് കൂടിയതെന്ന തരത്തില്‍ വര്‍ഗീയ പ്രചരണത്തിനാണ് ബി.ജെ.പിയുടെ ശ്രമം. മഹാമാരിയെ രാഷ്ട്രീയനേട്ടങ്ങള്‍ക്കുപയോഗിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നാണ് കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞത്.
കൊവിഡ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കേരളത്തിന് സാധിച്ചുവെന്നത് വ്യാജമാണെന്നായിരുന്നു മുരളീധരന്‍ റിപ്പബ്ലിക് ടിവിയോട് പറഞ്ഞത്.
കൊവിഡ് രണ്ടാം തരംഗത്തെ പരാജയപ്പെടുത്താന്‍ നരേന്ദ്രമോദി കഠിനപരിശ്രമം നടത്തുമ്പോള്‍ ചില രാഷ്ട്രീയക്കാര്‍ നിരുത്തരവാദപരമായ പെരുമാറ്റത്തിലൂടെ രാജ്യത്തെ മൂന്നാം തരംഗത്തിലേക്ക് കടത്തിവിടുകയാണെന്നാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തത്.
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) July 29, 2021
കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയാത്തത് കേരള സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്നായിരുന്നു കഴിഞ്ഞദിവസം ബി.ജെ.പി. ദേശീയ വക്താവ് സംപീത് പത്ര പറഞ്ഞത്. ഈദിന് നല്‍കിയ ഇളവ് കാരണമാണ് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതെന്നും സംപീത് പത്ര കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
അതേസമയം എത്ര പേരില്‍ കൊവിഡ് വന്നിട്ടുണ്ടാകും എന്ന് കണക്കാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ദേശീയ സിറോ സര്‍വേ ഫലപ്രകാരം ഏറ്റവും കുറവ് (44ശതമാനം)കൊവിഡ് വന്നത് കേരളത്തിലും ഏറ്റവും കൂടുതല്‍ മധ്യപ്രദേശിലുമാണ്(75.9.ശതമാനം).
കണക്കുകള്‍ പ്രകാരം കേരളത്തില്‍ 44 ശതമാനം പേര്‍ക്ക് മാത്രമേ ജൂലൈ ആദ്യം വരെ കൊവിഡ് ബാധിച്ചിട്ടുള്ളൂ. അതേസമയം, ദേശീയ ശരാശരി 67.6 ശതമാനമാണ്.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ജൂണ്‍-ജൂലൈ മാസങ്ങളില്‍ 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലാണ് ആണ് സര്‍വേ നടത്തിയത്.
കേരളത്തില്‍ കൊവിഡ് വന്നവരുടെ എണ്ണം കുറവായതിനാല്‍ ആര്‍ജിത പ്രതിരോധ ശേഷിയും കുറവാണ്. ഒരാള്‍ക്ക് കൊവിഡ് വന്നു ഭേദമായാല്‍ അയാളില്‍ ആന്റിബോഡി ഉണ്ടാവുകയും കൊവിഡ് പിന്നീട് വരാന്‍ സാധ്യത കുറയുകയും ചെയ്യുന്നതിനെയാണ് ആര്‍ജിത പ്രതിരോധ ശേഷി എന്നു പറയുന്നത്.
സിറോ സര്‍വ്വേ ഫലം പ്രകാരം കൊവിഡിനെതിരെ ഉള്ള ആര്‍ജിത പ്രതിരോധ ശേഷി ഏറ്റവും കുറവ് കേരളത്തിലും ഏറ്റവും കൂടുതല്‍ മധ്യപ്രദേശിലുമാണ്.
കേരളത്തില്‍ ഹേര്‍ഡ് ഇമ്യൂണിറ്റിയ്ക്കു ഇനിയും സമയമെടുക്കുമെന്നാണ് സിറോ സര്‍വേയുടെ വിപരീത ഫലം. കേരളത്തില്‍ 44 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഇതുവരെ രോഗം വന്നത്. അതുകൊണ്ടുതന്നെ ഇനിയും ആളുകള്‍ക്ക് രോഗം വന്നേക്കാം.