പത്തനംതിട്ട: പത്തനംതിട്ടയില്‍ കേരള കോണ്‍ഗ്രസ് (എം)ല്‍ നിന്ന് രാജി വച്ച പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് (ബി)യിലേക്ക്. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗത്വമടക്കം രാജിവെച്ച പി. കെ. ജേക്കബ് ഉള്‍പ്പെടെയുള്ളവരാണ് കേരള കോണ്‍ഗ്രസ് (ബി)യില്‍ ചേരുന്നത്.
ലയന സമ്മേളനം കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ കെ. ബി. ഗണേഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് പി. കെ. ജേക്കബ് അറിയിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് കേരള കോണ്‍ഗ്രസ് എമ്മിന്റെ മുഴുവന്‍ സ്ഥാനമാനങ്ങളും രാജി വെച്ച പി. കെ. ജേക്കബ് പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ തുടരുമെന്നായിരുന്നു അറിയിച്ചിരുന്നത്.
കേരളാ കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തന്നോടും തനിക്കൊപ്പമുള്ള പ്രവര്‍ത്തകരോടും കാട്ടുന്ന അവഗണനയിലും പാര്‍ട്ടിയെ തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നായിരുന്നു ജേക്കബിന്റെ വിശദീകരണം.
‘പാര്‍ട്ടിയുടെ ജില്ലാ നേതൃത്വവുമായി അടുത്ത കാലത്തായി യോജിച്ച് പോകാന്‍ കഴിയാതെ വന്നിരിക്കുന്നു. അതിന് പ്രധാന കാരണം യാതൊരു സംഘടനാ പാടവും പ്രവര്‍ത്തന പാരമ്പര്യവുമില്ലാത്ത ജില്ലാ പ്രസിഡന്റ് തന്നെയാണ്.
അടിത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച്, പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ യാതൊരു സംഭാവനയും നല്‍കാതെ ജില്ലാ പ്രസിഡന്റിന്റെ കസേരയിലേക്ക് കെട്ടിയിറക്കപ്പെട്ട അദ്ദേഹത്തിന് സ്വന്തം ബിസിനസാണ് പരമ പ്രധാനം.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജില്ലയില്‍ നടക്കുന്ന പാര്‍ട്ടിയുടെ ഒരു പരിപാടിയും പ്രസിഡന്റും അദ്ദേഹത്തിനൊപ്പമുള്ളവരും അറിയിക്കാറില്ല. പാര്‍ട്ടിയുടെ നേതാവ് എന്നതിലുപരി താനൊരു പോഷക സംഘടനയുടെ ജില്ലാ പ്രസിഡന്റ് കൂടിയായിട്ടാണ് ഈ സമീപനം’ പി. കെ. ജേക്കബ് പറയുന്നു.
മൂന്നു തവണ ഈ വിവരം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നുവെന്നും ചെയര്‍മാന്റെ സാന്നിധ്യത്തില്‍ ചില ചര്‍ച്ചകളും നടന്നിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
അപ്പോഴെല്ലാം താന്‍ പറയുന്നതൊക്കെ ശരി വയ്ക്കുന്ന ജില്ലാ പ്രസിഡന്റ് തിരികെ ഇവിടെയെത്തുമ്പോള്‍ കടക വിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് താന്‍ കെ.ടി.യു.സി ജില്ലാ പ്രസിഡന്റ് സ്ഥാനവും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗത്വം രാജി വെക്കുകയാണെന്നും എല്ലാ വിധത്തിലുമുള്ള നേതൃസ്ഥാനങ്ങളില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും അറിയിച്ചിരുന്നു.