തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നത് മാറ്റിവെച്ചു. ബുധനാഴ്ചയാണ് കോളേജ് തുറക്കുക.
നേരത്തെ തിങ്കളാഴ്ചയായിരുന്നു കോളേജുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നത്. സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമാകുകയും രൂക്ഷമായ ഉരുള്‍പൊട്ടലുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആ ദിവസം വരെ ശബരിമല തീര്‍ഥാടനം ഒഴിവാക്കാനും യോഗം തീരുമാനിച്ചു. മലയോര മേഖലകളില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.
റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, മേധാവികള്‍, ജില്ലാ കലക്ടര്‍മാര്‍, വിവിധ സേനാവിഭാഗങ്ങളുടെ പ്രതിനിധികള്‍, ദേശീയ ദുരന്ത പ്രതികരണ സേനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു.
പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിലും ഇടുക്കിയിലെ കുട്ടിക്കാനത്തും ഉരുള്‍പൊട്ടലുണ്ടായി.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചു.
പല റോഡുകളിലും വെള്ളം കയറി. പൂഞ്ഞാര്‍ തെക്കേക്കരയില്‍ റെക്കോഡ് മഴയാണ് ഒറ്റമണിക്കൂറിനുള്ളില്‍ പെയ്തത്. ഇവിടെ പല റോഡുകളും വെള്ളത്തിലായി. പെരിങ്ങുളം – അടിവാരം മേഖലയില്‍ വെള്ളം കയറി.
കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. ഇടുക്കിയില്‍ ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു.
പത്തനംതിട്ടയില്‍ കഴിഞ്ഞ മൂന്ന് മണിക്കൂറില്‍ കനത്ത മഴയാണ് പെയ്തത്. 70 മി.മീറ്റര്‍ മഴ ജില്ലയില്‍ ലഭിച്ചു. പമ്പയിലും അച്ചന്‍കോവിലിലും മണിമലയിലിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പമ്പ സ്നാനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ വൈകുന്നേരത്തോടെ മഴ ശക്തി പ്രാപിക്കാനാണ് സാധ്യത.