തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറി തെക്കന്‍ തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും വീശിയേക്കും.
മലയോര മേഖലകളിലും തീരദേശ പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യ ബന്ധനത്തിന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് പ്രഖ്യാപിച്ചു.
തെക്കന്‍ കേരളത്തില്‍ കൂടുതല്‍ ശക്തമായ മഴ രേഖപ്പെടുത്തിയേക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ നാളെ റെഡ് അലേര്‍ട്ടാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഞായറാഴ്ച പുറത്തുവന്നിരുന്നു.
ഓഖി ചുഴലികാറ്റിന് സമാനമായ രീതിയില്‍ ന്യൂനമര്‍ദ്ദം 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു തീവ്രന്യൂന മര്‍ദ്ദമാകാനും വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.