കൊച്ചി: ഓര്‍ത്തഡോക്‌സ് – യാക്കോബായ പള്ളി തര്‍ക്കത്തില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയേ മതിയാകൂവെന്ന് കേരളാ ഹൈക്കോടതി. ആരാധനാലയങ്ങള്‍ യുദ്ധഭൂമിയല്ലെന്നും ദൈവത്തിന്റെ ആലയമാണെന്നും ഇരു സഭകളും ഓര്‍ക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
‘സമാധാനം നിലനിര്‍ത്തുകയാണ് ലക്ഷ്യം. ആരാധനാലയങ്ങള്‍ യുദ്ധഭൂമിയല്ല. ദൈവത്തിന്റെ ആലയമാണ്,’ കോടതി പറഞ്ഞു.
പള്ളികള്‍ 1934 ഭരണഘടന പ്രകാരം തന്നെ ഭരിക്കപ്പെടണം. 2017 ലെ സുപ്രീം കോടതി വിധിയോടെ സഭയില്‍ രണ്ട് പക്ഷങ്ങള്‍ ഇല്ലാതായി എന്നും കോടതി വിലയിരുത്തി.
1934 ഭരണഘടന അനുസരിക്കുന്ന ഏത് വിശ്വാസിക്കും പള്ളി ഭരണത്തില്‍ പങ്കാളിയാകാമെന്നും കോടതി അറിയിച്ചു.
ബലപ്രയോഗത്തിലൂടെ വിധി നടപ്പാക്കിയാല്‍ അനിഷ്ട സംഭവങ്ങളുണ്ടാകാനുള്ള സാധ്യത തള്ളാനാകില്ലെന്നും കോടതി പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുന്നത് അവസാന മാര്‍ഗം മാത്രമാണെന്നും ഹൈക്കോടതി പറഞ്ഞു.
അതേസമയം കോടതി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് യാക്കോബായ സഭ ആവശ്യപ്പെട്ടു.