Kerala News
മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പള വര്‍ധനവ്; കമ്മീഷനെ നിയോഗിക്കാന്‍ മന്ത്രിസഭാ തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 27, 07:55 am
Wednesday, 27th July 2022, 1:25 pm

 

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പള വര്‍ധനവ് പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം.

ഏകാംഗ കമ്മീഷനെയാണ് നിയോഗിച്ചിട്ടുള്ളത്. ജസ്റ്റിസ് രാമചന്ദ്രനെയാണ് സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനായി നിയമിച്ചത്. ആറ് മാസത്തിനകം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്‌കെയിലില്‍ ഇതിനകം തന്നെ മാറ്റം വന്നിട്ടുണ്ടെന്നും ജീവിതച്ചെലവ് എല്ലാവര്‍ക്കും ഒരുപോലെയാണെന്നുമുള്ള കാരണത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

നേരത്തെ 2018ല്‍ നിയമസഭാംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ചിരുന്നു. അന്ന് മന്ത്രിമാരുടെ ശമ്പളം 55,012 രൂപയില്‍ നിന്ന് 90,000 രൂപയായും എം.എല്‍.എമാരുടെ ശമ്പളം 39,500 രൂപയില്‍ നിന്ന് 70,000 രൂപയായും ഉയര്‍ത്തിയിരുന്നു. മന്ത്രിമാരുടെ യാത്രാബത്ത കിലോമീറ്ററിന് 10 രൂപയില്‍ നിന്ന് 15 രൂപയായി ഉയര്‍ത്തുകയും ചെയ്തിരുന്നു.

2018ല്‍ ശമ്പള പരിഷ്‌കരണം നടപ്പിലായപ്പോള്‍ നിയമസഭാ സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് എം.എല്‍.എമാര്‍ക്ക് വിമാന- യാത്രാക്കൂലി ഇനത്തില്‍ പ്രതിവര്‍ഷം പരമാവധി 50,000 രൂപ വരെ അനുവദിക്കാനും, സാമാജികരുടെ അപകട ഇന്‍ഷുറന്‍സ് തുക അഞ്ചു ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്താനും തീരുമാനമായിരുന്നു.

Content Highlight: Kerala Cabinet proposed a commission to set up to increase the salaries of ministers and MLAs