തിരുവനന്തപുരം: കനത്ത സുരക്ഷകളോടെ ആദ്യ കെ.എ.എസ് പ്രാഥമിക പരീക്ഷ ശനിയാഴ്ച നടക്കും. പൊലീസ് പരീക്ഷയില്‍ നടന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ കര്‍ശന പരിശോധനാ നടപടികളാണ് എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത്. കേന്ദ്രങ്ങളിലെല്ലാം പി.എസ്.സി ഉദ്യോഗസ്ഥരെ കൂടാതെ പൊലീസ് നിരീക്ഷണവുമുണ്ടാകും.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരിച്ച ശേഷമുള്ള ആദ്യ പരീക്ഷയാണ് നടക്കാന്‍ പോകുന്നത്. കെ.എ.എസ് പ്രാഥമികഘട്ട പരീക്ഷയാണ് ഫെബ്രുവരി 22ന് നടക്കുന്നത്. മൂന്ന് സ്ട്രീമുകളിലുള്ള ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷക്കായി എത്തുക.
സംസ്ഥാനത്ത് 1535 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. ഇതില്‍ ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളുള്ളത് തിരുവനന്തപുരത്താണ്. 262 കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. ഏറ്റവും കുറവുള്ള വയനാടില്‍ 30 കേന്ദ്രങ്ങള്‍ മാത്രമേയുള്ളു.
രണ്ടു പേപ്പറുകളിലായി നടക്കുന്നതിനാല്‍ രാവിലെയും ഉച്ചക്കുമായാണ് കെ.എ.എസ് പ്രാഥമിക പരീക്ഷ സജ്ജീകരിച്ചിട്ടുള്ളത്. ജൂണിലോ ജൂലൈയിലോ ആയിരിക്കും പ്രാഥമികഘട്ടത്തില്‍ ജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷ നടക്കുക. പിന്നീട് ഇന്റര്‍വ്യൂവിനും മറ്റു നടപടികള്‍ക്കും ശേഷം സര്‍വീസില്‍ പ്രവേശിക്കാനാകും.
കേരളത്തിലെ ഭൂരിപക്ഷം സ്‌കൂളുകളിലും കെ.എ.എസ് പരീക്ഷ നടക്കുന്നതിനാല്‍ അധ്യയനം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പകരം പ്രവൃത്തി ദിനം എന്നാണെന്ന് പിന്നീട് വ്യക്തമാകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവില്‍ അറിയിച്ചു.